ഇടുക്കി : ജലനിരപ്പ് വീണ്ടും ഉയരുന്നതിനാല്‍ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറന്നേക്കും. ഇപ്പോള്‍ ജലനിരപ്പ് 140.30 അടിയാണ്. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യ ജാഗ്രതാ നിർദേശം ഇന്നലെ നൽകിയിരുന്നു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2250 ഘനയടിയായി ഉയർത്തിയിരുന്നു. എങ്കിലും രാത്രിയോടെ നീരൊഴുക്ക് ശക്തമായതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്.
മുല്ലപ്പെരിയാർ തുറക്കുന്നത് കണക്കിലെടുത്ത് ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നിരുന്നു. സെക്കൻഡിൽ നാൽപതിനായിരം ലീറ്റർ വെള്ളമാണ് പുറത്തേക്ക് വിടുന്നത്. കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും.
അതേസമയം സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പാണ്. മധ്യ, വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. റെഡ് അലർട്ടിന് സമാനമായ ജാഗ്രത എല്ലാ ജില്ലകളിലും തുടരണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും തുടർച്ചയായ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്. തെക്ക് കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി മൂലം പടിഞ്ഞാറൻ കാറ്റ് കേരളാ തീരത്ത് ശക്തമായതാണ് മഴ തുടരാൻ കാരണം. രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരാനാണ് സാധ്യത.
ബുധനാഴ്ചയോടെ അറബിക്കടലിൽ ഗോവ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദ്ദവും രൂപപ്പെട്ടേക്കും. അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സർവകലാശാല പരീക്ഷകകൾ ഉൾപ്പെടെ മാറ്റിവച്ചു. കേരള സർവകലാശാലയും മഹാത്മാ ഗാന്ധി സർവ്വകലാശാലയും സാങ്കേതിക സർവകലാശാലയും ആരോഗ്യ സർവകലാശാലയും ഇന്നത്തെ പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചിട്ടുണ്ട്.
കേരള സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല. മഹാത്മാ ഗാന്ധി സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി ഉടൻ പ്രസിദ്ധീകരിക്കും. മഴ കെടുതി തുടരുന്ന സാഹചര്യത്തിൽ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2021 നവംബർ 15 ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചതായി അറിയിച്ചു. പുതുക്കിയ തിയതി സർവകലാശാല വെബ് സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കാസർകോട്, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്നാണ് ജില്ലാ കളക്ടര്‍മാർ അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.
പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍അ റിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേതാണ്.
അതിശക്തമായ മഴ തുടരുന്നതിനാൽ കാലാവസ്ഥ വകുപ്പ് കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധി പ്രഖ്യാപിച്ചു. എന്നാൽ കോളേജുകൾക്ക് അവധി ബാധകമല്ല.
കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അവധി പ്രഖ്യാപിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തിയിട്ടുള്ള അധ്യാപക – അനധ്യാപക ജീവനക്കാരുടെ സേവനം അതതിടങ്ങളിൽ ലഭ്യമാകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ഇടുക്കിയിലെ പ്രൊഫഷനൽ കോളജ് ഉൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.