ലഖ്നൗ: അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. കോൺഗ്രസ് ഒരു പാർട്ടിയുമായും സഖ്യത്തിനില്ലെന്നും മുഴുവൻ സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്നും ഉത്തർ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. ആകെ 403 നിയമസഭാ മണ്ഡലങ്ങളാണ് ഉത്തർ പ്രദേശിലുള്ളത്. ഇതിൽ 40 ശതമാനം മണ്ഡലങ്ങളിൽ വനിതകളെയാണ് കോൺഗ്രസ് സ്ഥാനാർഥികളാക്കുക.
പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ ബുലന്ദ്ശെഹറിൽ പ്രതിഗ്യ സമ്മേളൻ ലക്ഷ്യ-2022 പരിപാടിയിൽ സംസാരിക്കവേയാണ് പ്രിയങ്ക നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ് പ്രവർത്തകർക്കു മാത്രമേ മത്സരിക്കാൻ സീറ്റ് നൽകുകയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു. അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയുമായി സഖ്യചർച്ചകൾ നടക്കുന്നെന്ന ഊഹാപോഹങ്ങളെയും പ്രിയങ്ക തള്ളി.
കൊറോണയാകട്ടെ, മറ്റെന്തെങ്കിലും പ്രതിസന്ധിയാകട്ടെ ജനങ്ങളെ സഹായിക്കാനെത്തിയത് കോൺഗ്രസാണ്. ഉന്നാവിനോ ലഖിംപുരിനോ ഹാഥ്റസിനോ വേണ്ടി എസ്.പിയോ ബി.എസ്.പിയോ പോരാടിയോ? പക്ഷേ, ഞങ്ങൾ പോരാടി- പ്രിയങ്ക പറഞ്ഞു. ബി.ജെ.പിക്കെതിരേയും പ്രിയങ്ക, രൂക്ഷ വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി നേതാക്കൾ രക്തവും വിയർപ്പും ചിന്താത്തതിനാൽ, ബി.ജെ.പിക്ക് സ്വാതന്ത്ര്യസമരത്തോട് ബഹുമാനമില്ലെന്ന് പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, 403-ൽ വെറും ഏഴു സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്. മാത്രമല്ല, 2019 ലോക്സഭാ തിരഞ്ഞെടുപ്പിലാവട്ടെ ഒരേയൊരു സീറ്റിലും. രാഹുൽ ഗാന്ധി അമേഠി മണ്ഡലത്തിൽ സ്മൃതി ഇറാനിയോടു പരാജയപ്പെട്ടപ്പോൾ പാർട്ടി അധ്യക്ഷ സോണിയ മാത്രമാണ് കരകയറിയത്.
അതേസമയം കഴിഞ്ഞ ദിവസം പുറത്ത് വന്ന ചില പ്രീ എക്സിറ്റ് പോൾ ഫലങ്ങൾ ഇക്കുറിയും കോൺഗ്രസ് പ്രകടനം നിരാശാജനകമാകുമെന്നാണ് വ്യക്തമാക്കുന്നത്. കോൺഗ്രസിന് യുപിയിൽ ഇരട്ട സംഖ്യയിൽ താഴെയാകും സീറ്റുകൾ ലഭിക്കുകയെന്നാണ് പ്രവചനം. ബിജെപിക്ക് സീറ്റുകൾ കുറഞ്ഞാലും യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായി വരുമെന്നും ഇവർ വിലയിരുത്തുന്നു.