നടി കങ്കണയ്ക്ക് നല്‍കിയ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് ഡെല്‍ഹി വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍

ന്യൂഡെൽഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനെ കുറിച്ചുള്ള നടി കങ്കണ റണാവത്തിന്റെ വിവാദ പരാമര്‍ശത്തിനുപിന്നാലെ രാഷ്ട്രപതിക്ക് കത്തയച്ച് ഡെല്‍ഹി വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍. കങ്കണയ്ക്ക് നല്‍കിയ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. നടിക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മഹാത്മാഗാന്ധിയും ഭഗത് സിംഗും ഉള്‍പ്പടെ ആയിരക്കണക്കിന് പേരുടെ ത്യാഗത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തെ അനാദരിച്ച കങ്കണയ്ക്ക് അവാര്‍ഡിനുപകരം ചികിത്സയാണ് നല്‍കേണ്ടത്’. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാള്‍ പറഞ്ഞു. നടിയുടെ പ്രസ്താവന രാജ്യദ്രോഹപരമാണെന്നും എഫ്‌ഐആര്‍ ചുമത്തി കേസെടുക്കണമെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്രമോദി അധികാരത്തില്‍ വന്ന 2014ലാണെന്നും 1947ല്‍ കിട്ടിയത് സ്വാതന്ത്ര്യമായിരുന്നില്ല, യാചിച്ചുകിട്ടിയതാണെന്നുമായിരുന്നു കങ്കണയുടെ പരാമര്‍ശം. പ്രസ്താവന വിവാദമായതോടെ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് നടിക്കെതിരെ രംഗത്തെത്തിയത്.