തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ വൈകും. ഈ റൂട്ടിൽ ആകെ അഞ്ചിടത്താണ് മണ്ണിടിച്ചിലുണ്ടായത്. നാഗർകോവിലിന് സമീപം ഇരണിയൽ ഭാഗത്ത് ട്രാക്കിൽ വെള്ളം കെട്ടിക്കിടക്കുന്നുമുണ്ട്. മണ്ണ് നീക്കം ചെയ്ത്, വെള്ളം ഒഴിഞ്ഞാൽ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ.
ശനിയാഴ്ച്ച രാവിലെ മണ്ണിടിച്ചിലുണ്ടായ പാറശാലയിൽ ഇന്ന് വീണ്ടും മണ്ണിടിഞ്ഞ് ട്രാക്കിലേക്ക് വീണു. നേരത്തെ വീണ മണ്ണ് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. ഇവിടെ പല ഭാഗവും അടർന്നിരിക്കുകയാണ്. മഴ ശക്തമാകുകയാണെങ്കിൽ കൂടുതൽ ഭാഗം ഇനിയും ഇടിയാൻ സാധ്യതയുണ്ട്.
ഇരണിയൽ ഭാഗത്ത് ഒരു മീറ്റർ ഉയരത്തിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. ട്രാക്കിലെ വെള്ളം ഒഴിഞ്ഞാൽ മാത്രമേ സുരക്ഷ ഉറപ്പുവരുത്തി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ. ഈ റൂട്ടിൽ റെയിൽ ഗതാഗതം നിലച്ചിട്ട് രണ്ടു ദിവസംപിന്നിട്ടു. ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രെസ് ഉൾപ്പെടെ ഇന്നു മാത്രം അഞ്ചു ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്. അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.