ഇടുക്കി ഡാം വീണ്ടും തുറന്നു ; സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളം പുറത്തേക്ക്

ഇടുക്കി: ഇടുക്കി ഡാം വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടറാണ് തുന്നന്നത്. നാല്‍പ്പത് സെൻ്റിമീറ്റര്‍ ഉയരത്തിലാണ് ഡാം തുറന്നത്. 30 മുതല്‍ 40 വരെ ക്യുമെക്സ് ജലം ഒഴുക്കി വിടും. റൂള്‍ കര്‍വ് അനുസരിച്ച്‌ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് ഡാം തുറന്നിരിക്കുന്നത്. ഈ വര്‍ഷം ഇത് രണ്ടാമത്തെ തവണയാണ് അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നത്.

റെഡ് അലര്‍ട്ട് ലെവലിനായി കാത്ത് നില്‍ക്കാതെ തന്നെ വെള്ളം ഒഴുക്കി കളയാന്‍ രാവിലെ തീരുമാനിക്കുകയായിരുന്നു. റൂള്‍ കര്‍വ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലര്‍ട്ട് ലെവല്‍ 2392.03 അടിയാണ്. ഓറഞ്ച് അലര്‍ട്ട് 2398.03 അടിയും റെഡ് അലര്‍ട്ട് 2399.03 അടിയുമാണ്.

റെഡ് അലര്‍ട്ട് ലെവലിലെത്തിയ ശേഷം ഇടുക്കി തുറന്നാല്‍ മതിയെന്നാണ് കെഎസ്‌ഇബി ഇന്നലെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയും, മുല്ലപ്പെരിയാര്‍ സ്പില്‍ വേ ഷട്ടറുകള്‍ തുറക്കേണ്ട സ്ഥിതി വരികയും ചെയ്തു. ചെറുതോണി ഷട്ടറുകള്‍ തുറന്ന് സെക്കന്‍റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ അനുമതി കളക്ടര്‍ ഇന്നലെത്തന്നെ നല്‍കിയിരുന്നു.