Home State കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി; സർവകലാശാലാ പരീക്ഷകൾ മാറ്റി

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി; സർവകലാശാലാ പരീക്ഷകൾ മാറ്റി

0

തിരുവനന്തപുരം: സംസ്ഥാനത്തു കനത്ത മഴ തുടരുന്നതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സർവകലാശാലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസർകോട്, കോട്ടയം ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് തിങ്കളാഴ്ച കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. എറണാകുളത്ത് ഓൺലൈൻ ക്ലാസുകൾ മാത്രമേ ഉണ്ടാകൂ.

ജില്ലകളിൽ നേരത്തേ നിശ്ചയിച്ച പൊതു പരീക്ഷകൾക്കു മാറ്റമില്ല. എംജി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേരള സർവകലാശാല തിങ്കളാഴ്ച ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംസിജെ പരീക്ഷകൾ 22ന് ആരംഭിക്കാനായി മാറ്റി.

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി സർവകലാശാല വൈബ്സൈറ്റിൽ ഉടൻ പ്രസിദ്ധപ്പെടുത്തും.

എറണാകുളം ജില്ലയിൽ തിങ്കളാഴ്ച പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസുകൾ മാത്രമേ ഉണ്ടാകൂ. വിദ്യാർഥികൾ സ്ഥാപനങ്ങളിൽ എത്തേണ്ടതില്ല. നേരത്തേ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഉത്തരവ് ബാധകമാണ്. വിദ്യാർഥികളുടെ യാത്രയും ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനാണ് ഈ ക്രമീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here