ഭോപ്പാല്‍: എരുമ പാല്‍ കറക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് കര്‍ഷകന്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍. എരുമയുമായി നേരിട്ടെത്തിയാണ് കര്‍ഷകന്‍ സഹായം ആവശ്യപ്പെട്ടത്. ആരോ മന്ത്രവാദം നടത്തിയതിനെ തുടര്‍ന്നാണ് എരുമ കറക്കാന്‍ അനുവദിക്കാത്തത് എന്നാണ് കര്‍ഷകന്റെ പരാതി. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം.
കര്‍ഷകന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 45കാരനായ ബാബുലാല്‍ ജാതവ് എന്ന കര്‍ഷകന്‍ ശനിയാഴ്ചയാണ് നയോഗാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതെന്ന് ഡെപ്യൂട്ടി സൂപ്രണ്ടന്റ് പറഞ്ഞു. എരുമ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാല്‍കറക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു കര്‍ഷകന്റെ പരാതിയെന്നും അദ്ദേഹം പറഞ്ഞു.
ആരോ മന്ത്രാവാദം നടത്തിയതിന്റെ ഭാഗമായാണ് എരുമ പാല്‍ കറക്കാന്‍ അനുവദിക്കാത്തതെന്ന് ചില നാട്ടുകാര്‍ അദ്ദേഹത്തോട് പറഞ്ഞതായും പരാതിയില്‍ പറയുന്നു. പരാതി നല്‍കിയതിന് ശേഷം സഹായം അഭ്യര്‍ഥിച്ച് കര്‍ഷകന്‍ വീണ്ടും പൊലീസ് സ്റ്റേഷനില്‍ എത്തുകയും ചെയ്തു.
ഒടുവില്‍ പൊലീസ് കര്‍ഷകനോട് മൃഗഡോക്ടറുടെ സേവനം തേടാന്‍ ആവശ്യപ്പെട്ടു. പിറ്റേ ദിവസം വീണ്ടും കര്‍ഷകന്‍ പൊലീസ് സ്റ്റേഷനിലെത്തി നന്ദി അറിയിച്ചു. എരുമ പാല്‍ കറക്കാന്‍ അനുവദിക്കുന്നതായി കർഷകൻ പൊലീസിനോട് പറഞ്ഞു.