ഏംഗൽസ് വിവാഹിതനാകുന്നു; സാക്ഷികളായി ലെനിനും ഹോചിമിനും മാർക്‌സും

അതിരപ്പള്ളി: ഏംഗൽസ് ഇന്ന് വിവാഹിതനാകും.അങ്കമാലി തുറവൂർ സ്വദേശിനി ബിസ്മിതയാണ് വധു. സാക്ഷികളായി ലെനിനും ഹോചിമിനും മാർക്‌സും ഉണ്ടാകും. അതിരപ്പള്ളി പഞ്ചായത്തിലെ അരൂർമുഴി കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 11-ന് പരസ്പരം രക്തഹാരം ചാർത്തിയാണ് ഏംഗൽസും ബിസ്മിതയും വിവാഹിതരാകുക. ഏംഗൽസിന്റെ അനിയനാണ് ലെനിൻ. സുഹൃത്തുക്കളാണ് ഹോചിമിനും മാർക്‌സും.

വിദേശത്ത് ജോലിചെയ്യുന്ന മാർക്‌സ് വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയതാണ്. കല്യാണക്കുറിയിലുമുണ്ട് സവിശേഷത. വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത് സിപിഎം. ലോക്കൽ സെക്രട്ടറി കെ.എസ്. സതീഷ് കുമാറാണ്. മാലയെടുത്തുനൽകുന്നത് ചാലക്കുടി ഏരിയാ സെക്രട്ടറി കെ.എസ്. അശോകനും.

സിപിഎമ്മിന്റെ അതിരപ്പിള്ളിയിലെ ആദ്യകാല പ്രവർത്തകനും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ മുണ്ടന്മാണി ഔസേപ്പാണ് ആദ്യം തന്റെ രണ്ട് ആൺമക്കൾക്ക് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേരു നൽകിയത്. മൂത്തയാൾ മാർക്‌സ്. രണ്ടാമത്തെയാൾ ഹോചിമിൻ.

കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന കറുകുറ്റിക്കാരൻ തോമസും ഇതേരീതി പിൻതുടർന്നു. അദ്ദേഹം തന്റെ മക്കൾക്ക് ഏംഗൽസ്, ലെനിൻ എന്ന് പേരിട്ടു.ഏംഗൽസ് സിപിഎം അതിരപ്പിള്ളി ലോക്കൽ കമ്മിറ്റിയംഗമാണ്. മറ്റുള്ളവർ സിപിഎം. പ്രവർത്തകരും.ആനീസാണ് ഏംഗൽസിന്റെ അമ്മ. അങ്കമാലി തുറവൂർ വള്ളിക്കാടൻ സേവ്യറിന്റെയും ബിന്ദുവിന്റെയും മകളാണ് ബിസ്മിത.