ഭോപ്പാൽ: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ പശുവിന്റെ ചാണകവും ഗോമൂത്രവും ഉപയോഗിക്കാമെന്ന വിചിത്ര വാദവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പശുക്കളോ കാളകളോ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് നിരവധി കാര്യങ്ങൾ ചെയ്തുതീർക്കാനുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭോപ്പാലിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ വനിതാ വിഭാഗത്തിന്റെ കൺവെൻഷനിൽ സംസാരിക്കവെയാണ് ചൗഹാൻ വിചിത്ര വാദങ്ങൾ നിരത്തിയത്. ഗോമൂത്രവും ചാണകവും ഫലപ്രദമായി ഉപയോഗിക്കാൻ ഒരു സംവിധാനമുണ്ടെങ്കിൽ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയാകെയും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനാകും.
ഗോമൂത്രത്തിൽ നിന്നും ചാണകത്തിൽ നിന്നും കീടനാശിനി മുതൽ മരുന്നുകൾ വരെയും വൈവിധ്യമാർന്ന നിരവധി ഉൽപ്പന്നങ്ങളും നിർമിക്കാനാകും. ഇതിനായി സർക്കാർ എല്ലാ സഹായവും നൽകും. ഈ മേഖലയിലേക്ക് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മുന്നിട്ടിറങ്ങണമെന്നും ശിവരാജ് സിംഗ് ചൗഹാൻ ആവശ്യപ്പെട്ടു.