കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും റാഗിംഗ് ക്രൂരത. കണ്ണൂർ തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ വിദ്യാർത്ഥിക്ക് റാഗിംഗിനിടെ ക്രൂര മർദ്ദനം. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ഷഹസാദിനെ മുതിർന്ന വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദ്ദിച്ചു. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
നേരത്തെ കണ്ണൂർ നെഹർ കോളേജിലും വിദ്യാർത്ഥി റാഗിങ്ങിനിരയായിരുന്നു. സംഭവത്തിൽ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിലായിരുന്ന സീനിയർ വിദ്യാർത്ഥികൾ ഇന്ന് പുലർച്ചെ വീടുകളിൽ നിന്നാണ് പോലീസിന്റെ പിടിയിലായത്. കോളേജിലെ വിദ്യാർത്ഥിയായ പി അൻഷാദിനെ മാരകമായി മർദ്ദിച്ച സംഭവത്തിലാണ് പോലീസ് നടപടി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അൻഷാദിനെ സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ പി അൻഷാദിനെ ഒരു സംഘം മൂന്നാം വർഷ വിദ്യാർത്ഥികൾ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. ക്ലാസിലെ പെൺകുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ചും കയ്യിലുള്ള പണം ആവശ്യപ്പെട്ടുമായിരുന്നു അതിക്രൂരമായ മർദ്ദനം.
മണിക്കൂറുകൾക്ക് ശേഷം ആശുപത്രിയിൽ വച്ചാണ് അൻഷാദിന് ബോധം വീണ്ടുകിട്ടിയത്. ആദ്യം അടിപിടി കേസായി രജിസ്റ്റർ ചെയ്ത ചക്കരക്കൽ പൊലീസ് തുടരന്വേഷണത്തിൽ സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞു. പ്രതികള്‍ക്ക് എതിരെ റാഗിംഗ് കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
ആന്റി റാഗിംഗ് നിയമം കൂടി ചേർത്തതോടെ പ്രതികളായ വിദ്യാർത്ഥികൾക്ക് ഇനി ഈ ക്യാംപസിൽ പഠിക്കാനാകില്ല. നേരത്തെയും സമാന സംഭവങ്ങളുണ്ടായിട്ടും കാഞ്ഞിരോട് നെഹർ കോളേജ് മാനേജ്മെന്റ് സംഭവം നിയന്ത്രിക്കാത്തതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.