തിരുവനനന്തപുരത്ത് ശക്തമായ മഴ; ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നു

തിരുവനന്തപുരം: ജില്ലയില്‍ കനത്ത മഴ തുടരുന്നു. 12 മണിക്കൂറായി തോരാത്ത മഴയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ടിബി ജങ്ഷനില്‍ ദേശീയപാതയില്‍ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു നദിയിയിലേക്ക് താഴ്ന്നു. ഒരുവശത്തുകൂടി മാത്രമാണ് വാഹനം കടത്തിവിടുന്നത്. ഗതാഗതം ഭാഗികമായി തടസപ്പെടും.

വിതുര, പൊൻമുടി, നെടുമങ്ങാട് മേഖലകളിലാണ് കനത്ത മഴ തുടരുന്നത്. പെരിങ്ങമലയിൽ കിണർ ഇടിഞ്ഞ് താണു. കോവളം വാഴമുട്ടത്ത് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ആളപായമില്ല. കോവളം ഗംഗയാർതോട് കരകവിഞ്ഞു. സമീപത്തെ കടകളിൽ വെള്ളം കയറി
വെള്ളാണിയിലെ ആറാട്ട് കടവ്, ക്ഷേത്ര ജംഗ്ഷൻ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.

നെയ്യാറ്റിൻകര ചെങ്കൽ വില്ലേജിൽ വല്ലാത്താങ്കര ക്യാമ്പ് ആരംഭിക്കുന്നതിന് വില്ലേജ് ഓഫിസർ നിർദേശം നൽകി. ജില്ലയിൽ ശക്തമായ മഴ ചെയ്യാൻ സാധ്യതയുള്ളതിനാൽ എല്ലാവരും തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അത്യാവശ്യമില്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.

നെയ്യാറ്റിൻകര നഗരസഭ സ്റ്റേഡിയത്തിന് സമീപം മരുതത്തൂർ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് ദേശീയ പാതയിലൂടെയുള്ള ബസ് ഗതാഗതം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓലത്താന്നി മണലുവിള മൂന്നുകല്ലിൻമൂട് വഴി ഓപ്പറേറ്റ് ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.

വൈദ്യുതി ലൈനുകൾ പൊട്ടി വീണു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണണെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫിസ് അറിയിച്ചു. യാതൊരു കാരണവശാലും അത് എടുത്തു മാറ്റാൻ ശ്രമിക്കരുതന്നും മഴയത്ത് മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്കു ചെയ്യാനോ മഴ നനയാതെ കയറി നിൽക്കാനോ പാടില്ലന്നും അറിയിപ്പുണ്ട്.

കോവളം വാഴമുട്ടത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആളുകള്‍ ഇറങ്ങി ഓടിയതുകൊണ്ടാണ് അപകടം ഒഴിവായത്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. വിതുര പൊന്‍മുടി പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്.

അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യത. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും (അതിശക്തമായ മഴ) മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു. നാളെ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. 15നും 16നും പരക്കെ മഴ തുടരും. കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുത്. കേരളത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും വരും ദിവസങ്ങളില്‍ പുതിയ ന്യൂനമര്‍ദങ്ങള്‍ക്കു സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നു രൂപം കൊള്ളുന്ന ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി ആന്ധ്ര തീരത്തു കയറുമെന്നാണു വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നു തമിഴ്‌നാട്ടില്‍ കരയിലെത്തിയ തീവ്ര ന്യൂനമര്‍ദം ദുര്‍ബലമായി പടിഞ്ഞാറോട്ടു നീങ്ങി അറബിക്കടലിലെത്തി വീണ്ടും ശക്തി പ്രാപിച്ച് കേരള തീരത്ത് ന്യൂനമര്‍ദമായി മാറാനും ഇടയുണ്ട്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.