കൊച്ചി: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേസില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന് ഇഡി പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ഇഡി കേസ് എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുരാവസ്തുക്കളുടെ മറവില്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തിയിരുന്നതായി പ്രാഥമിക പരിശോധനകളില്‍ കണ്ടെത്തിയിരുന്നു.
മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത്തിനെയും കേസില്‍ ഇഡി പ്രതി ചേര്‍ത്തിട്ടുണ്ട്. പ്രഥമദൃഷ്ട്യാ കാണുന്നതിനും അപ്പുറമുള്ള കാര്യങ്ങള്‍ ഈ കേസിലുണ്ടെന്നും അന്വേഷണം ശരിയായ ദിശയില്‍ അല്ലെങ്കില്‍ ഇടപെടുമെന്നും കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെതുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി ഇഡിക്കു കത്ത് നല്‍കിയിട്ട് എന്തു സംഭവിച്ചെന്നു കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. പ്രതികരണം ഉണ്ടായില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലിന്റെ മറുപടി. മോന്‍സന്‍ മിക്കപ്പോഴും വിദേശ യാത്രകളിലും ഡെല്‍ഹിയിലും ആണെന്നും ഇഡിക്കു നല്‍കിയ കത്തില്‍ പറയുന്നതു കോടതി ചൂണ്ടിക്കാട്ടി.