ന്യൂഡെൽഹി: സിഖ് ആത്മീയാചാര്യൻ ഗുരുനാനാക്കിന്റെ 552-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യയിൽ നിന്നുള്ള സിഖ് തീർഥാടകർക്കായി പാക്കിസ്ഥാൻ 3,000 വിസകൾ അനുവദിച്ചു. നവംബർ 17 മുതൽ 26 വരെയാണ് ചടങ്ങുകൾ നടക്കുന്നത്.
വിസ അനുവദിച്ചെന്ന് ഇന്ത്യയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ആണ് അറിയിച്ചത്. തീർഥാടകർ നങ്കാന സാഹിബിലെ ഗുരുദ്വാര ജനം ആസ്ഥാൻ, കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബ് എന്നിവയുൾപ്പെടെ വിവിധ ഗുരുദ്വാരകളും സന്ദർശിക്കും.
1974-ലെ ഇന്ത്യ-പാക്കിസ്ഥാൻ പ്രോട്ടോക്കോൾ പ്രകാരമാണ് സിഖ് തീർഥാടകർക്ക് വിസ അനുവദിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളിലെയും വിവിധ സമുദായങ്ങളുടെ വികാരവും ഭക്തിയും കണക്കിലെടുത്ത് നടപ്പിലാക്കിയ നിയമമാണിത്.