വയനാട്: തിരഞ്ഞെടുപ്പ് കോഴക്കേസില്‍ അന്വേഷണം നേരിടുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് കോടതിയില്‍ തിരിച്ചടി. ശബ്ദ പരിശോധന കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ലാബില്‍ നടത്തണമെന്ന് ആവശ്യം കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് ഹാജരാവാനാണ് കോടതി സുരേന്ദ്രനോട് ആവശ്യപ്പെട്ടത്. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നതായിരുന്നു സുരേന്ദ്രനെതിരെയുള്ള കേസ്. കേസില്‍ പ്രതിപ്പട്ടികയിലുള്ള സുരേന്ദ്രന്റെ ശബ്ദ സാമ്പിള്‍ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ പ്രസീത അഴീക്കോടിന്റെ ശബ്ദവും പരിശോധിക്കും.
സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന വകുപ്പാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി കെ ജാനുവിന് തലസ്ഥാനത്ത് വച്ച് പത്തു ലക്ഷവും ബത്തേരിയില്‍ വച്ച് 25 ലക്ഷവും കൈമാറിയെന്നാണ് കേസ്. ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തായതോടെയാണ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.