കൊച്ചി: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കൊച്ചി വാട്ടര്‍ മെട്രോ നിര്‍മാണം സ്തംഭിപ്പിച്ച് തൊഴിലാളികള്‍. തിങ്കളാഴ്ച വൈകുന്നേരം വരെയും ശമ്പളം ലഭിക്കാതായതോടെയാണ് ചൊവ്വാഴ്ച മുതല്‍ പണിമുടക്കിയത്. ഇതര സംസ്ഥാനക്കാരായ 90 പേരും ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു തൊഴിലാളികളായ ഒമ്പത് മലയാളികളുമാണ് ജല മെട്രോക്കായി പണിയെടുക്കുന്നത്. ഇതര സംസ്ഥാനക്കാര്‍ക്ക് മൂന്നുമാസത്തെയും മലയാളികള്‍ക്ക് മൂന്നാഴ്ചത്തെയും ശമ്പളം കിട്ടിയിട്ടില്ല.
വൈറ്റില ഹബില്‍ ജല മെട്രോ ടിക്കറ്റ് കൗണ്ടര്‍ സ്റ്റേഷന്, ഇരുനില ഓഫിസ് കെട്ടിടം എന്നിവയുടെ നിര്‍മാണമാണ് നടക്കുന്നത്. ഇതില്‍ കൗണ്ടര്‍ സ്റ്റേഷന് നിര്‍മാണം പൂര്‍ത്തിയായി. ഓഫിസ് കെട്ടിടത്തിന്റെ ഒന്നാം നിലയുടെ പണിയും കഴിഞ്ഞു. മേരി മാത ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കാണ് ജലമെട്രോ നിര്‍മാണക്കരാര്‍. ഇവരുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് ഉപകരാര്‍ ഏറ്റെടുത്തവരാണ് ശമ്പളം നല്‍കേണ്ടതെന്ന മറുപടിയാണ് ലഭിച്ചത്. ഉപകരാര്‍ ഏറ്റെടുത്തവര്‍ക്ക് പണം നല്‍കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് മൂന്നുമാസമായി ശമ്പളം നല്‍കിയിട്ടില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. രണ്ടു വിഭാഗത്തിലായാണ് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നത്. മൂന്നാഴ്ചവരെ ശമ്പളം നല്‍കാതെ പണിയെടുപ്പിച്ച ശേഷം തൊഴിലാളികള്‍ ചോദിച്ചുതുടങ്ങുമ്പോള്‍ അടുത്ത സംഘത്തെ വെച്ച് നിര്‍മാണം തുടരുന്ന അവസ്ഥയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. തൈക്കൂട്ടത്ത് ഷെഡിലാണ് ഇവര്‍ക്ക് താമസം.
നിര്‍മാണത്തിനിടെ വീണ് പരിക്കേറ്റ ഒരു അന്തര്‍സംസ്ഥാന തൊഴിലാളിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സിക്കുന്നത്. ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താത്തതിനാലാണ് എറണാകുളത്ത് ചികിത്സ ലഭിക്കാതെ പോയതെന്ന് ആരോപണമുണ്ട്. പ്രശ്നത്തില്‍ പദ്ധതി ചുമതലയുള്ള കെ.എം.ആര്.എല്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് തൊഴിലാളികള്‍ ആരോപിച്ചു. 10 ദ്വീപുകളെ ബന്ധിപ്പിച്ച് 78 ഹൈസ്പീഡ് ബോട്ടുകളിലൂടെ 15 റൂട്ടുകള്‍ വരുന്ന യാത്ര പദ്ധതിയാണ് കൊച്ചി ജലമെട്രോ. ബോട്ടുകളുടെ നിര്‍മാണം കൊച്ചി കപ്പല്‍ ശാലയില്‍ പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഒന്നാം ഘട്ടം ഈ വര്‍ഷം ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ.