കൊച്ചി: മുൻ മിസ് കേരള വിജയികൾ ഉൾപ്പെടെയുള്ളവർ കാർ അപകടത്തിൽ മരിച്ച സംഭവത്തിൽ ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ വീണ്ടും പരിശോധന. ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18’ ഹോട്ടലിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഹോട്ടലിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ ഈ ഹാർഡ് ഡിസ്കിൽനിന്ന് ഡിജെ പാർട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കണ്ടെത്താനായില്ല. തുടർന്നാണ് ഇന്ന് വീണ്ടും പരിശോധന നടത്തിയത്.
മുൻ മിസ് കേരള വിജയികൾ ഉൾപ്പെടെയുള്ളവർ കാർ അപകടത്തിൽപ്പെട്ടതിന് തൊട്ടടുത്ത ദിവസം തന്നെ ഡിജെ പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങൾ മാറ്റിയെന്നാണ് പോലീസ് സംശയിക്കുന്നത്. ബുധനാഴ്ച നടത്തിയ പരിശോധനയിലും ഡിജെ പാർട്ടി ദൃശ്യങ്ങൾ പോലീസിന് കണ്ടെടുക്കാനായിട്ടില്ല. എന്നാൽ മറ്റ് ചില വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് വിവരം.
ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഹോട്ടൽ അധികൃതരെ പോലീസ് വിശദമായി ചോദ്യംചെയ്യും. ആരാണ് പാർട്ടി നടത്തിയത് എന്നതടക്കമുള്ള വിവരങ്ങൾ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.
ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലാണ് ഈ ഹോട്ടൽ. ഒക്ടോബർ 31-ന് രാത്രി ഇവിടെ നടന്ന പാർട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അൻസി കബീർ, അൻജന ഷാജൻ, ആഷിഖ്, അബ്ദുൾ റഹ്മാൻ എന്നിവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മുൻ മിസ് കേരള വിജയികളായ അൻസി കബീറും അൻജന ഷാജനും തൽക്ഷണം മരിച്ചു. ചികിത്സയിലായിരുന്ന ആഷിഖും പിന്നീട് മരിച്ചു.
കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്മാനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാൾ വാഹനമോടിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്. അതിനിടെ, രാത്രി വൈകിയും മദ്യം വിറ്റെന്ന് കണ്ടെത്തിയതിനെ തുടർന്ന് ‘നമ്പർ 18’ ഹോട്ടൽ എക്സൈസ് അധികൃതർ പൂട്ടിക്കുകയും ചെയ്തു.