കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ ആക്രമിച്ച കേസില്‍ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് കൊച്ചി സിജെഎം കോടതി ജാമ്യം അനുവദിച്ചത്. സ്വകാര്യ മുതല്‍ നശിപ്പിച്ച വകുപ്പിലെ കേസനുസരിച്ച് അറ്റകുറ്റപണിക്കുള്ള തുകയുടെ പകുതി കെട്ടിവയ്ക്കണം, ഇത് പ്രകാരം 37,500 രൂപ വീതം സെക്യൂരിറ്റിയായി ഓരോരുത്തരും കെട്ടിവയ്ക്കണം. ഇതോടൊപ്പം 50,000 രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യവും കോടതിയില്‍ ഹാജരാക്കണം.
നേതാക്കള്‍ നാളെ രാവിലെ പത്തരയോടെ ജയിലില്‍നിന്ന് ഇറങ്ങും. ഇന്നലെ ഇവരുടെ വാദം കേട്ട കോടതി വിധി പറയല്‍ ഇന്നത്തേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു. മൊത്തം ഏഴു പേരുള്ള കേസില്‍ രണ്ടു പേര്‍ക്ക് കൂടി ജാമ്യം കിട്ടാനുണ്ട്.
കാറിന്റെ അറ്റകുറ്റപണിക്കുള്ള തുകയുടെ പകുതി കെട്ടിവയ്ക്കാന്‍ തയ്യാറാണെന്നും, ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിക്കാര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. വാഹനത്തിന്റെ അറ്റകുറ്റപ്പണിയ്ക്ക് ആറര ലക്ഷം രൂപ ചെലവു വരുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ കാറിന്റെ വിലയുടെ പകുതി കെട്ടിവയ്ക്കണമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ ആവശ്യം.
ജോജു ജോര്‍ജിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. അതേസമയം ജോജുവിനെതിരെയുള്ള പരാതിയില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ഇന്ന് മരട് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നടന്‍ മദ്യപിച്ച് അസഭ്യം പറഞ്ഞെന്നായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ പരാതി. ജോജുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു.