ഒട്ടാവ: കാനഡയിൽ കാലാവസ്ഥാ വ്യതിയാന രോഗത്തിന് ചികിത്സ തേടി 70-കാരി. ലോകത്ത് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന ആദ്യത്തെ കേസാണിത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്നാണ് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിന്നീടാണ് രോഗകാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് ഡോക്ടർ വിധിയെഴുതിയത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുണ്ടായ കാട്ടുതീ കാരണമാണ് ഇവരുടെ ശ്വാസതടസ്സം വർധിച്ചതെന്നാണ് വിലയിരുത്തൽ. ശരീരത്തിലെ ജലാംശം നിലനിർത്താൻ പ്രയാസം നേരിടുന്നതുൾപ്പെടെ മറ്റ് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളും ഇവർ നേരിടുന്നുണ്ട്.
രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് ഇപ്പോൾ രോഗിക്ക് നൽകുന്നതെന്ന് ചികിത്സിക്കുന്ന ഡോക്ടർ കൈൽ മെറിറ്റ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാൻ ഉചിതമായ നടപടികൾ അന്താരാഷ്ട്രസമൂഹം സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി.
കാനഡയിലും യു.എസിന്റെ വിവിധ ഭാഗങ്ങളിലും ഉഷ്ണതരംഗങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്നത്. കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിൽ മാത്രം ഈ വർഷം 232 പേർ ഇതേത്തുടർന്ന് മരിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അന്തരീക്ഷമർദം വർധിച്ചതാണ് ഉഷ്ണതരംഗങ്ങൾക്കു കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.