വിവാഹാഭ്യര്‍ഥന നിരസിച്ചതിന്​ യുവതി​യുടെ ദേഹത്ത്​ യുവാവ്​ ആസിഡ്​ ഒഴിച്ചു

ന്യൂഡെല്‍ഹി: വിവാഹാഭ്യര്‍ഥന നിരസിച്ചതിന്​ യുവതി​യുടെ ദേഹത്ത്​ യുവാവ്​ ആസിഡ്​ ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്​. 23 വയസുള്ള അയല്‍വാസി യുവാവാണ്​ 26 വയസുള്ള യുവതിക്ക്​ മേല്‍ ആസിഡ്​ ഒഴിച്ചത്​. ഡെല്‍ഹി ബാവനയിലാണ്​ സംഭവം.

മൊണ്ടു എന്ന യുവാവിനെ പൊലീസ്​ പിന്നീട്​ അറസ്റ്റ്​ ചെയ്​തു. വിവാഹിതയായ യുവതിയെ വിവാഹ അഭ്യര്‍ഥന നടത്തി മോണ്ടു നിരന്തരം ശല്യം ചെയ്യുമായിരുന്നു. ശല്യം സഹിക്കാനാവാതെ യുവതിയും കുടുംബവും വീട്​ മാറി.

സംഭവ ദിവസം യുവതിയുടെ വീടിനടുത്തെത്തിയ മോണ്ടു​ യുവതിയോട്​ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌​ തനിക്കൊപ്പം വരാന്‍ ആവശ്യപ്പെട്ടു. നിരസിച്ച യുവതിയുടെ കൈകള്‍ പിന്നില്‍ കെട്ടി ദേഹത്തേക്ക്​​ ആസിഡ്​ ഒഴിച്ച്‌​ കടന്നു കളയുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്​ഥാനത്തില്‍ ബീഹാറിലെ ബക്​സറില്‍ നിന്നാണ്​ മോണ്ടുവിനെ അറസ്റ്റ്​ ചെയ്​തത്​.