സ്​കൂട്ടര്‍ ബസ്സിലിടിച്ച്‌​ അച്ഛനും അഞ്ചു വയസ്സുകാരനായ മകനും മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ

കഴക്കൂട്ടം: സ്​കൂട്ടര്‍ ബസ്സിലിടിച്ച്‌​ അച്ഛനും അഞ്ചു വയസ്സുകാരനായ മകനും മരിച്ചു. സ്​കൂട്ടര്‍ യാത്രക്കാരായ രാജേഷ്​ (36), മകന്‍ ഋത്വിക്​ (5) ആണ്​ മരിച്ചത്​​. രാജേഷിന്‍റെ ഭാര്യ സുജിതയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴക്കൂട്ടം ഇന്‍ഫോസിസ്​ പാര്‍ക്കിന്​ സമീപം ഇവര്‍ സഞ്ചരിച്ച ബൈക്ക്​ കെ.എസ്​.ആര്‍.ടി.സി ബസിന്​ പിന്നില്‍ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

തൃശൂര്‍ പാഴായി നെന്മകരി സ്വദേശിയാണ് രാജേഷ്. ബാലരാമപുരം മുടവൂര്‍ പാറയില്‍ താമസിച്ചു വരികയാണ്. അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയിലെ സെയില്‍സ് എക്സിക്യൂട്ടിവാണ്.

കിളിമാനൂരിലുള്ള സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ്​ അപകടം. ബൈപാസില്‍ ഇന്‍ഫോസിസിന് സമീപം ചിത്തിര നഗര്‍ ബസ്​സ്റ്റോപ്പില്‍ യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയിരുന്ന ബസിന്‍റെ പിറകില്‍ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഇടിച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ അച്ഛനും മകനും ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണപ്പെട്ടു.