തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ തനിക്കെതിരെ വിവാദ പരാമർശം നടത്തിയെന്ന അനുപമയുടെ പരാതിയിൽ കേസ് എടുക്കാനാകില്ലെന്ന് പോലീസ്. അനുപമയുടെ പരാതിയില്‍ ശ്രീകാര്യം പോലീസ് ആണ് മറുപടി നൽകിയത്. മന്ത്രിയുടെ പ്രസംഗത്തിന്‍റെ വീഡിയോ പരിശോധിച്ചു. കേസ് എടുക്കാനുള്ള തെളിവുകളില്ലെന്നും അതിനാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്.
ദത്ത് വിവാദത്തിൽ അനുപമയെക്കുറിച്ചോ അവരുടെ ഭർത്താവ് അജിത്തിനെ കുറിച്ചോ താൻ തെറ്റ് ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. താൻ ആരുടെയും പേര് പറഞ്ഞില്ല. പെൺകുട്ടികൾ ശക്തരായി നിൽക്കണം എന്നാണ് താൻ പറഞ്ഞത്. രക്ഷിതാവ് എന്ന നിലയിലായിരുന്നു അഭിപ്രായ പ്രകടനം. തന്റെ നാട്ടിലും ഇങ്ങനെ ഉണ്ട്. അതാണ് പറഞ്ഞത്. സത്യസന്ധമായി ആണ് താൻ കാര്യങ്ങൾ പറഞ്ഞത്. ചതിക്കുഴികൾ എല്ലായിടത്തും ഉണ്ട്. അതാണ് പറഞ്ഞത് എന്നും മന്ത്രി സജി ചെറിയാൻ നിലപാട് ആവർത്തിച്ചു.
അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കി എന്ന സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിഷയത്തില്‍, അച്ഛനെ പിന്തുണച്ചുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ അനുപമയും അജിത്തും ആണ് പോലീസിൽ പരാതി നൽകിയത്. സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിനിടെയാണ് അജിത്തിനെ രണ്ടും മൂന്നും കുട്ടികളുള്ള ആളാണെന്ന് പേര് പറയാതെ മന്ത്രി വിമർശിച്ചത്.
ദത്ത് വിവാദത്തിൽ സർക്കാരും പാർട്ടിയും അനുപമയ്ക്ക് ഒപ്പമാണെന്ന് ആവർത്തിച്ച് പറയുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പ്രസംഗം. കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമെന്ന് പറഞ്ഞാണ് അപകീര്‍ത്തികരമായ പരാമര്‍ശം സജി ചെറിയാന്‍ നടത്തിയത്. അനുപമയുടെയും അജിത്തിന്‍റെയും പേര് പറയാതെയാണ് മന്ത്രിയുടെ ആക്ഷേപം. ഇല്ലാക്കഥകൾ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്‍റെ അവകാശമാണെന്ന് അനുപമ പൊലീസിന് നൽകിയ പരാതിയില്‍ പറയുന്നു.
മന്ത്രി പറഞ്ഞത് ഇങ്ങനെ
”കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം.
എനിക്കും മൂന്നു പെൺകുട്ടികളായത് കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്? ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്.”
സ്പെയിനിനെയും കേരളത്തെയും താരതമ്യം ചെയ്ത് മന്ത്രി പ്രസംഗത്തിൽ മദ്യം, ലൈംഗികത, ലഹരി ഉപയോഗം എന്നീ കാര്യങ്ങളെ പ്രതിപാദിച്ച് സംസാരിച്ചു. സ്പെയിനിൽ 2.56 ലക്ഷം മദ്യശാലകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി അവിടെ തിരക്കും ക്യൂവുമില്ലെന്നും എന്നാൽ കേരളത്തിൽ മദ്യശാല തുടങ്ങിയാൽ പ്രതിഷേധമാണെന്നും കുറ്റപ്പെടുത്തി.
സ്പെയിനിലെ ടൂറിസത്തിൽ മുഖ്യം സെക്സ് ടൂറിസമാണ്. കേരളത്തിൽ സെക്സ് എന്ന് പറഞ്ഞാൽ തന്നെ പൊട്ടിത്തെറിയാണ്. സ്പെയിനിൽ ലഹരി ഉപയോഗം വ്യാപകമായപ്പോൾ കഞ്ചാവ് നിയമവിധേയമാക്കിയെന്നും പിന്നീട് ലഹരി ഉപഭോഗം നിയന്ത്രിക്കാനായെന്നും മന്ത്രി പറഞ്ഞു.
നിയമം മൂലം ക്യാംപസിലെ സംഘടനാ പ്രവര്‍ത്തനം പുന:സ്ഥാപിക്കണം. കുറേ പഠിക്കുക, കുറേ ഛര്‍ദിക്കുക, എല്ലാവരും ജയിക്കുക. ഇതുമൂലം തുടര്‍ന്നു പഠിക്കാന്‍ സീറ്റില്ലാത്ത അവസ്ഥയാണ്. പാവം വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി വിഷമിക്കുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞു.