ആലപ്പുഴ: കൈനകരി ജയേഷ് വധക്കേസില്‍ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം. രണ്ടു പ്രതികൾക്ക് രണ്ടു വർഷം വീതം തടവ് ശിക്ഷ വിധിച്ചു. ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി 2014 മാർച്ച് 28ന് കൈനകരി തോട്ടുവാത്തല സ്വദേശി ജയേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. രാത്രിമുൻ വൈരാഗ്യത്തിന്‍റെ പേരിൽ ജയേഷിനെ വീട്ടിൽ കയറി ആക്രമിച്ച ശേഷം ഭാര്യയുടെയും മാതാപിതാക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പത്തംഗ സംഘം വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ഇറങ്ങി ഓടാൻ ശ്രമിച്ചപ്പോൾ അക്രമികള്‍ വളഞ്ഞിട്ട് വെട്ടിനുറുക്കി. ഭാര്യയുടെയും മറ്റ് വീട്ടുകാരുടെയും മുന്നിലിട്ടായിരുന്നു ക്രൂരമായ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ജയേഷിനെ നെടുമുടി പൊലീസ് എത്തി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും തൊട്ടടുത്ത ദിവസം മരിക്കുകയായിരുന്നു. കേസിൽ വിചാരണ പുരോഗമിക്കുന്നതിനിടെ ഒന്നാംപ്രതിയും ഗുണ്ടാ തലവനുമായ പുന്നമട അഭിലാഷ് കൊല്ലപ്പെട്ടിരുന്നു.
ജയേഷിനെ കൊന്നതിന് സമാനമായി അഭിലാഷിനെയും വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിലെ പ്രതികളായ നന്ദു, ജനീഷ് , സാജൻ എന്നിവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. സന്തോഷ്, കുഞ്ഞുമോൻ എന്നിവർക്കാണ് തടവ് ശിക്ഷ വിധിച്ചിട്ടുള്ളത്. വിധി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികള്‍ പ്രോസിക്യൂട്ടറെ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി.
സംഘർഷസാധ്യത കണക്കിലെടുത്ത് കോടതി പരിസരത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ശിക്ഷ പ്രഖ്യാപിച്ചതോടെ പ്രതികളുടെ സുഹൃത്തുക്കളായ ഗുണ്ടകൾ പൊലീസിന് നേരെ തിരിഞ്ഞു. കയ്യാങ്കളിയുടെ വക്കിലെത്തിയപ്പോൾ പൊലീസ് ലാത്തി വീശി. കുറ്റവാളികള്‍ പൊലീസിനെയും ഭീഷണിപ്പെടുത്തി.
പൊലീസ് വാഹനത്തില്‍ കയറ്റുമ്പോഴും പ്രതികള്‍ പൊലീസിനെ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയുമാണ് നടന്നത്. മറ്റ് കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുകളാണ് പ്രതികളെന്നതിനാല്‍ കനത്ത ബന്തവസ്സിലാണ് പ്രതികളെ കൊണ്ടുപോയത്.