മുംബൈ: ആഡംബരക്കപ്പലിലെ ലഹരി വിരുന്നുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ആര്യന്‍ ഖാന്‍ ഞായറാഴ്ച ഹാജരായില്ല. പനി ആയതുകൊണ്ട് ആര്യന് ഹാജരാവാന്‍ സാധിക്കില്ലെന്നാണ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയെ അറിയിച്ചത്. കേസ് അന്വേഷണത്തിനായി പുതുതായി രൂപവത്കരിച്ച സഞ്ജയ് സിങ് ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ട് ആര്യന്‍ ഖാന് സമന്‍സ് അയച്ചത്.
ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒക്ടോബറിലാണ് ആര്യന്‍ ഖാനേയും മറ്റ് 19 പേരെയും എന്‍.സി.ബി കസ്റ്റഡിയിലെടുത്തത്. ഒക്ടോബര്‍ 30ന് ആര്യന്‍ ഖാന്‍ ജാമ്യത്തിലിറങ്ങി. വിളിക്കുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാവുമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.
കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീര്‍ വാങ്കഡെയെയും സഞ്ജയ് സിങ് ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യും. ഈ കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ആരോപണങ്ങള്‍ കൂടുതലായി ഉയരുന്ന പശ്ചാത്തലത്തിലാണ് അന്വേഷണം വിപുലീകരിക്കാന്‍ ആര്യന്‍ ഖാനെ വീണ്ടും ചോദ്യംചെയ്യുന്നത്.
മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉള്‍പ്പെടെയുള്ളവര്‍ കേസുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ആര്യന്‍ ഖാനെ കുടുക്കിയതാണെന്നും ഷാരൂഖ് ഖാനില്‍ നിന്ന് പണംതട്ടാന്‍ സമീര്‍ വാങ്കഡെ ശ്രമിച്ചിരുന്നെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്നറിയാന്‍ കൂടിയാണ് ആര്യന്‍ ഖാനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വിളിച്ചുവരുത്തുന്നത്.