മാനന്തവാടി: മലയാളി വാഹനയുടമകളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് കര്‍ണാടകയിലെ പമ്പുടമകള്‍. ഇതിനായി വിലക്കുറവ് കാണിച്ച് മലയാളത്തില്‍ പ്രിന്റ് ചെയ്ത നോട്ടീസ് അടിച്ചിറക്കിയിരിക്കുകയാണ് പമ്പുടമകള്‍. ഡീസലിന് ഏഴുരൂപയും പെട്രോളിന് അഞ്ചുരൂപയും കുറവുള്ളതായി കാണിച്ചാണ് നോട്ടീസ്. പമ്പ് സ്ഥിതിചെയ്യുന്ന സ്ഥലമടക്കം വ്യക്തമാക്കിയ നോട്ടീസില്‍ ‘നിങ്ങളുടെ ഇന്ധനടാങ്കുകള്‍ നിറയ്ക്കാനും ഓഫറിന്റെ പ്രയോജനം നേടാനും ദയവായി സന്ദര്‍ശിക്കുക’ എന്നുണ്ട്. ഈ നോട്ടീസാവട്ടെ, ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
കേരളത്തെ അപേക്ഷിച്ച് ഇന്ധനവില കുറഞ്ഞതോടെ കര്‍ണാടകത്തില്‍ നിന്ന് ഇന്ധനം നിറയ്ക്കുകയാണ് കേരളത്തിലേക്കുള്ള വാഹനങ്ങള്‍. കര്‍ണാടകയില്‍ കേരളത്തിനെ അപേക്ഷിച്ച് ശനിയാഴ്ച ഡീസലിന് ഏഴുരൂപയുടെയും പെട്രോളിന് അഞ്ചുരൂപയുടെയും കുറവുണ്ട്. കാട്ടിക്കുളത്തും തോല്‌പെട്ടിയിലും പെട്രോള്‍പമ്പുണ്ടെങ്കിലും തോല്‌പെട്ടിയിലെയും കര്‍ണാടക കുട്ടത്തെയും പെട്രോള്‍പമ്പുകള്‍ തമ്മില്‍ മൂന്നുകിലോമീറ്റര്‍ ദൂരവ്യത്യാസമാണുള്ളത്.
കര്‍ണാടകയില്‍ വില കുറഞ്ഞതോടെ തോല്‌പെട്ടിയിലെയും പരിസരപ്രദേശങ്ങളിലെയും ആളുകള്‍ ഇന്ധനം നിറയ്ക്കാനായി കുട്ടത്തെ പമ്പില്‍ പോയിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലേക്ക് വരുന്ന ചരക്കുവാഹനങ്ങള്‍ ഇപ്പോള്‍ കര്‍ണാടകയില്‍നിന്നാണ് ഫുള്‍ടാങ്ക് ഇന്ധനം നിറയ്ക്കുന്നത്. വയനാട്ടില്‍ നിന്ന് ചരക്കുമായിപ്പോകുന്ന വാഹനങ്ങളും തിരികെവരുമ്പോള്‍ കര്‍ണാടകയില്‍ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. കര്‍ണാടകത്തില്‍ വിവിധ ജോലികള്‍ക്കായി പോകുന്നവരും ഇത്തരത്തിലാണ് ഇന്ധനം നിറയ്ക്കുന്നത്.