കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സിനിമാ ഷൂട്ടിങ് സെറ്റിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ചിനിടെ തമ്മിലടി. ഷൂട്ടിങ്ങിനിടെ വഴിതടയുന്നു എന്നാരോപിച്ചാണ് ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്താനെത്തിയത്. ഇതിനിടെ മറ്റൊരു വിഭാഗം പ്രവർത്തകർ പ്രതിരോധിക്കാനായി എത്തിയതോടെ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രതിഷേധിക്കാനായി പൊൻകുന്നത്ത് നിന്നെത്തിയ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞത് കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള യൂത്ത്കോൺഗ്രസുകാരാണ്.
കൊച്ചിയിലെ വിവാദമായ വഴിതടയൽ സമരത്തിന്റെ തുടർച്ചയായാണ് ഇവിടെയും സമരമുണ്ടായത്. കാഞ്ഞിരപ്പള്ളിയിൽ പൃഥ്വിരാജ് നായകനായ ‘കടുവ’ സിനിമയുടെ ഷൂട്ടിങ്ങിനായി റോഡ് തടസ്സപ്പെടുത്തുന്നു എന്നാരോപിച്ചാണ് പൊൻകുന്നം ഭാഗത്ത് നിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. ജോജു ജോർജിനെതിരായ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രവർത്തകർ മാർച്ച് നടത്തിയത്.
ജോജു ജോർജ് ഈ സിനിമയിൽ അഭിനയിക്കുന്നില്ല. പക്ഷെ റോഡ് റോഡ് തടസ്സപ്പെടുത്തുന്ന സിനിമാ ഷൂട്ടിങ്ങുകൾ തടയും എന്നുള്ള യൂത്ത് കോൺഗ്രസ് നിലപാടിന്റെ ഭാഗമായായിരുന്നു മാർച്ച്. എന്നാൽ കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുറച്ച് ദിവസങ്ങളായി സിനിമ പ്രവർത്തകർക്ക് സംരക്ഷണം എന്ന നിലയിൽ പ്രദേശത്ത് ഉണ്ടായിരുന്നു. ചില പ്രാദേശിക കോൺഗ്രസ് നേതാക്കളും ഷൂട്ടിങ്ങിനോട് സഹകരിക്കുന്നുണ്ടായിരുന്നു.
പൊൻകുന്നത്ത് നിന്നുള്ള പ്രവർത്തകർ എത്തിയപ്പോൾ കാഞ്ഞിരപ്പള്ളിയിലെ പ്രവർത്തകർ തടയുകയായിരുന്നു. ഇത് ഉന്തുംതള്ളിലേക്കും സംഘർഷത്തിലേക്കും നയിച്ചു. പിന്നീട് പോലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ഷൂട്ടിങ് റോഡ് തടസ്സപ്പെടുത്തുന്നു എന്ന തെറ്റിദ്ധാരണയിലാണ് പ്രവർത്തകരെത്തിയതെന്നും സംഘർഷമുണ്ടായില്ലെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.