തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരങ്ങള്‍ മുറിയ്ക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവില്‍ ഗൗരവമായ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുല്ലപ്പെരിയാറില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, മുല്ലപ്പെരിയാറില്‍ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഉത്തരവ് ഇറക്കിയതില്‍ വീഴ്ച പറ്റിയെന്നും അസാധാരണ നടപടിയാണ് ഉണ്ടായതെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
ഉദ്യോഗസ്ഥ തലത്തില്‍ സംഭവിച്ച വീഴ്ചയ്ക്ക് കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മരം മുറിക്കാന്‍ ഉത്തരവ് നല്‍കിയത് തന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഓഫിസുകള്‍ അറിഞ്ഞിരുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.