പെട്രോളിന് അഞ്ചുരൂപയും ഡീസലിന് എട്ടുരൂപയും കുറവ്; തലപ്പാടി അതിര്‍ത്തിയിലെ പെട്രോള്‍ പമ്പില്‍ വന്‍ തിരക്ക്

മാനന്തവാടി: കർണാടകയും പുതുച്ചേരിയും നികുതി കുറച്ചതോടെ അവരുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ വിലവ്യത്യാസം വളരെ പ്രകടമാണ്. ഇന്ധനവില കേരളത്തേക്കാള്‍ കുറവായതിനാല്‍ തലപ്പാടി അതിര്‍ത്തിയിലെ കര്‍ണാടകയുടെ ഭാഗത്തുള്ള പെട്രോള്‍ പമ്പില്‍ വന്‍ തിരക്ക്. പെട്രോളിന് അഞ്ചുരൂപയും ഡീസലിന് എട്ടുരൂപയും കേരളത്തേക്കാള്‍ കുറവാണ് ഇവിടെ. പമ്പ് കര്‍ണാടകയുടെ ആണെങ്കിലും ആവശ്യക്കാരില്‍ ബഹുഭൂരിപക്ഷവും മഞ്ചേശ്വരത്തുകാരാണ്.

ഉപ്പളയിലും ഹൊസങ്കടിയിലും മഞ്ചേശ്വരത്തും ഓടുന്ന ഓട്ടോറിക്ഷകളും തലപ്പാടി വരെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുമാണ് ഈ വിലക്കുറവിന്‍റെ പ്രധാന ഉപഭോക്താക്കള്‍. നൂറിനും നൂറ്റന്‍പതിനും ഇന്ധനമടിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കല്ല ഫുള്‍ ടാങ്കടിക്കുന്ന ബസുകളും ഓട്ടോകളുമാണ് കൂടുതലായി തലപ്പാടിയിലെ ഈ പെട്രോള്‍ പമ്പില്‍ എത്തുന്നത്. കാസര്‍കോട് പെട്രോളിന് 105 രൂപയുള്ളപ്പോള്‍ ഇവിടെ 99 രൂപ മതി. ഡീസലിന് 92 രൂപയുള്ളപ്പോള്‍ ഇവിടെ 84 രൂപ മതി. ബിജെപി ഭരിക്കുന്ന കര്‍ണാടകയുടെ നികുതിയിളവ് കേരളത്തിന്‍റെ വടക്കേയറ്റത്തുള്ളവര്‍ക്ക് ചെറുതായല്ല പ്രയോജനം ചെയ്യുന്നത്.

മറ്റൊരു അയൽസംസ്ഥാനമായ തമിഴ്നാട് ഇപ്പോൾ നികുതി കുറച്ചിട്ടില്ലെങ്കിലും മുൻപ് 3 രൂപ കുറച്ചതിനാൽ അവിടെയും കേരളത്തിലുള്ളതിനേക്കാളും കുറഞ്ഞ വിലയാണ്. രാജ്യത്ത് 28 സംസ്ഥാനങ്ങളിൽ പതിനെട്ടും 8 കേന്ദ്രഭരണപ്രദേശങ്ങളിൽ അഞ്ചും നികുതി കുറച്ചു. ഡീസലിനു കേന്ദ്ര സർക്കാർ വർധിപ്പിച്ച നികുതിയുടെ മൂന്നിലൊന്നും പെട്രോളിനു കൂട്ടിയതിന്റെ ആറിലൊന്നും മാത്രമേ ഇപ്പോൾ കുറച്ചിട്ടുള്ളൂവെന്നും 6 വർഷമായി ഒരു രൂപ പോലും നികുതി കൂട്ടിയിട്ടില്ലാത്ത കേരളം സ്വന്തം നിലയ്ക്ക് ഇളവു നൽകേണ്ട സാഹചര്യമില്ലെന്നുമാണു കേരളത്തിന്റെ നിലപാട്. മന്ത്രി ബാലഗോപാലിന്റെ ഈ വാദത്തിനു മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും പിന്തുണയുണ്ട്.

കേന്ദ്ര സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിനു 10 രൂപയും കുറച്ചതോടെ സംസ്ഥാനത്തു ലീറ്ററിന് യഥാക്രമം 6.50 രൂപയും 12.27 രൂപയുമാണ് വില കുറഞ്ഞത്. സംസ്ഥാന നികുതിയിൽ ആനുപാതികമായി വന്ന 1.50 രൂപയുടെയും (പെട്രോൾ) 2.27 രൂപയുടെയും (ഡീസൽ) കുറവിനപ്പുറം സ്വന്തം നിലയിൽ നികുതി കുറയ്ക്കേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഇതിനെതിരെ ശക്തമായ സമരം തുടങ്ങാൻ യുഡിഎഫും ബിജെപിയും തീരുമാനിച്ചു. നികുതി കുറച്ചില്ലെങ്കിൽ സമരം ജനം ഏറ്റെടുക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കേരളം നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും പ്രതിഷേധത്തിനു തുടക്കമിട്ടു.