മുല്ലപ്പെരിയാര്‍ ബേബിഡാമിന് താഴെയുള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി; മുഖ്യന്ത്രി പിണറായി വിജയനെ നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതിന് നന്ദി അറിയിച്ച് മുഖ്യന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കത്തയച്ചു. ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്താനുള്ള തടസം നീങ്ങിയെന്ന് തമിഴ്‌നാട് അറിയിച്ചു. ഡാം ബലപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു.

മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കുമെന്ന് സ്റ്റാലിന്‍ അറിയിച്ചു. ഡാമിന് താഴെയുള്ള കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയ തമിഴ്‌നാട് മന്ത്രിതല സംഘം ബേബി ഡാം ബലപ്പെടുത്താന്‍ കേരള സര്‍ക്കാരിന്റെ അനുമതി ആവശ്യപ്പെട്ടിരുന്നു.

ബേബി ഡാമിനു സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ കേരളം ഇതുവരെ തയാറായിട്ടില്ലെന്നായിരുന്നു മന്ത്രിതല സംഘത്തിലെ തമിഴ്‌നാട് ജലവിഭവ മന്ത്രി എസ് ദുരൈമുരുകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. വനം വകുപ്പ് അനുമതി നല്‍കുന്നില്ലെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. റിസര്‍വ് വനമായതിനാല്‍ മരം മുറിക്കാന്‍ പറ്റില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. ഇക്കാര്യത്തിലെ നടപടികള്‍ നീളുന്നതിനാലാണ് ബേബി ഡാം ബലപ്പെടുത്തല്‍ വൈകുന്നത്. തടസങ്ങള്‍ മാറ്റിക്കഴിഞ്ഞാല്‍ ബേബി ഡാം പെട്ടെന്ന് തന്നെ പുതുക്കും.

ഇത്തരത്തില്‍ പുതുക്കി പണിതാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്നും ദുരൈ മുരുകന്‍ പറഞ്ഞിരുന്നു. എന്നാല്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുന്നതിനെ കുറിച്ച് സ്റ്റാലിന്റെ കത്തില്‍ പരാമര്‍ശമില്ല. റൂള്‍ കര്‍വ് പാലിച്ചാണ് നിലവില്‍ വെള്ളം തുറന്നു വിടുന്നതെന്നും ദുരൈമുരുകന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പനീര്‍ശെല്‍വവും എടപ്പാടി പളനി സാമിയും സംസാരിക്കുന്നതില്‍ ഒരു ധാര്‍മ്മികതയും ഇല്ലെന്നും ദുരൈമുരുകന്‍ പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷക്കാലത്തേക്ക് ഒരു മന്ത്രി പോലും ഈ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വന്ന് പരിശോധിച്ചിട്ടില്ല. പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് മന്ത്രി തള്ളിക്കളഞ്ഞു. എല്ലാ പഠനങ്ങളും അണക്കെട്ട് സുരക്ഷിതമാണെന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ പുതിയ ഡാമിന്റെ ആവശ്യമില്ലെന്നും തമിഴ്‌നാട് മന്ത്രി പറഞ്ഞു.കേരളത്തിലെയും തമിഴ്‌നാടിലെയും നിലവിലെ സര്‍ക്കാരുകളുടെ കാലത്ത് തന്നെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രമ്യമായ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദുരൈമുരുകന്‍ പറഞ്ഞു.