തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സിപിഎം സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറഞ്ഞെന്ന കാരണം കാണിച്ച് മുൻ മന്ത്രി ജി സുധാകരനെതിരേ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ചത് വെട്ടി ഒതുക്കല്ലെന്ന് സൂചന. താഴ്ന്ന തലങ്ങളിൽ പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനിടെ വന്ന നടപടി രാഷ്ട്രീയ നിരീക്ഷകരെപ്പോലും ഞെട്ടിച്ചു. പരസ്യശാസനയാണ് അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വീഴ്ച എന്ന കുറ്റത്തിന് സുധാകരന് പാർട്ടി വിധിച്ചത്. സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പേരെടുത്ത് പരാമർശിക്കുന്ന ഏക നേതാവ് ജി സുധാകരനാണ്.
സിപിഎം സ്ഥാനാർഥിയായിരുന്ന എച്ച് സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതിൽ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. സിപിഎമ്മിന്റെ സംഘടനാ നടപടിയിൽ മൂന്നാമത്തേതാണ് പരസ്യശാസന. സിപിഎമ്മിൻ്റെ മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ ജി സുധാകരനും അവസാന നിമിഷം വരെ തനിക്കെതിരേ നടപടി ഉണ്ടാകില്ലെന്നാണ് കരുതിയിരുന്നത്. പാർട്ടിയോട് കാണിച്ച കടുത്ത കൂറും അഴിമതി രഹിത മന്ത്രിയും കർക്കശക്കാരനുമെന്ന പ്രതിഛായയും സുധാകരനെ തുണച്ചില്ല.
സുധാകരൻ അമ്പലപ്പുഴയിൽ നടപ്പാക്കിയ വൻവികസന പ്രവർത്തനങ്ങൾ
ശത്രുക്കളുടെ പോലും മുനയൊടിക്കുന്നതായിരുന്നു. എന്നിട്ടും ചെറിയ വീഴ്ചയുടെ പേരിൽ വലിയ നേതാവിനെതിരെ പാർട്ടി അച്ചടക്കവാൾ ഓങ്ങി. ഇത് രണ്ടാംവട്ടമാണ് സുധാകരനെതിരെ സിപിഎം നടപടി എടുക്കുന്നത്. 2002-ൽ സംസ്ഥാന സമിതിയിൽനിന്ന് തരംതാഴ്ത്തിയിരുന്നു. താക്കീത്, ശാസന, പരസ്യ ശാസന, തരംതാഴ്ത്തൽ, സസ്പെൻഷൻ, അംഗത്വത്തിൽനിന്ന് പുറത്താക്കൽ എന്നിങ്ങനെയാണ് സിപിഎമ്മിലെ അച്ചടക്ക നടപടിയുടെ ക്രമം . ഇതിൽ പരസ്യശാസനയാണ് അമ്പലപ്പുഴ മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വീഴ്ച എന്ന കുറ്റത്തിന് സുധാകരന് പാർട്ടി വിധിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുധാകരൻ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് നിലവിലെ എംഎൽഎ എച്ച്. സലാം പാർട്ടിക്ക് പരാതി നൽകിയതോടെയാണ് സംഭവം വിവാദമാകുന്നത്. സുധാകരന്റെ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാൻ എളമരം കരീം, കെ.ജെ. തോമസ് എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയെയൊണ് സിപിഎം. നിയോഗിച്ചത്. സുധാകരന് പകരക്കാരനായി സിപിഎം സ്ഥാനാർഥിയാക്കിയ എച്ച്, സലാമിനെ പിന്തുണച്ചില്ല, സാമ്പത്തിക സഹായം ലഭ്യമാക്കിയില്ല, സലാമിനെതിരെ നടന്ന പ്രചാരണങ്ങളിൽ മൗനം തുടങ്ങിയ ആരോപണങ്ങൾ സത്യമാണെന്ന് കമ്മിറ്റി റിപ്പോർട്ടിലൂടെ കണ്ടെത്തി.
ഇടത് സ്ഥാനാർഥിയുടെ വിജയത്തിനാവശ്യമായ നടപടികളല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ ഭാഗമായി സുധാകരനെതിരെ നടപടിയെടുത്ത കാര്യം പാർട്ടി കീഴ് ഘടകങ്ങളിലും മാധ്യമങ്ങളിലും അറിയിക്കും. നേരത്തെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലെ വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിലും സുധാകരനെതിരേ നടപടി ഉണ്ടായിട്ടുണ്ട്. ജി സുധാകരന്റെ ജനകീയ അടിത്തറ, പാർട്ടി പാരമ്പര്യം, അഴിമതി വിരുദ്ധ പാരമ്പര്യം എന്നിവ കണക്കിലെടുത്താണ് കടുത്ത നടപടികൾ സിപിഎം സ്വീകരിക്കാതിരുന്നതെന്നാണ് സൂചന.