തിരുവനന്തപുരം: സ്ഥാനമൊഴിയുന്ന കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന് പകരക്കാരനെ കണ്ടെത്താൻ സെർച്ച് കമ്മിറ്റി രൂപീകരിച്ച് ചാൻസലർ കൂടിയായ ഗവർണർ ഉത്തരവിട്ടു. ചാൻസിലറുടെ പ്രതിനിധിയായി പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. രാമചന്ദ്രൻ, സെനറ്റ് പ്രതിനിധിയായി മുൻ പ്ലാനിങ് ബോർഡ് മെമ്പർ ഡോ: ബി.ഇക്ബാൽ, യു ജിസി പ്രതിനിധിയായി കർണാടക ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.തിമ്മേ ഗൗഡ എന്നിവരാണ് അംഗങ്ങൾ.
ഡോ. രാമചന്ദ്രൻ കമ്മറ്റിയുടെ കൺവീനർ ആയിരിക്കും. ഇതേവരെ ചീഫ് സെക്രട്ടറിയോ,ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോ ആയിരുന്നു ചാൻസിലറുടെ പ്രതിനിധി. എന്നാൽ സേർച്ച് കമ്മിറ്റിയിൽ അക്കാഡമിഷ്യർ മാത്രമേ പാടുള്ളൂവെന്നും സർവകലാശാലയുമായി ബന്ധപ്പെട്ടവർ പാടി ല്ലെന്നുമുള്ള യു ജി സി വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയെ നാമനിർദേശം ചെയ്യാത്തത്.
യുജിസി റെഗുലേഷൻ പ്രകാരം ഇവർ നൽകുന്ന മൂന്നു മുതൽ അഞ്ചു വരെയുള്ള പേരുള്ള പാനലിൽ നിന്നായിരിക്കും ചാൻസിലർ വൈസ് ചാൻസലറെ തെരഞ്ഞെടുത്ത് നിയമിക്കുക. ഈ മാസമാണ് നിലവിലെ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ സ്ഥാനമൊഴിയുന്നത്.
സേർച്ച് കമ്മിറ്റിക്ക് മൂന്നുമാസം കാലാവധി ഉണ്ടാവും. പുതിയ വിസി നിയമിക്കപ്പെ ടുന്നതുവരെ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്ക് കണ്ണൂർ സർവകലാശാലയുടെ ചുമതല നൽകുമെന്ന റിയുന്നു. ചുരുങ്ങിയത് പത്തുവർഷത്തെ പ്രൊഫസർ സർവീസും ഭരണപരിചയവുമാണ് വിസിക്ക് യുജിസി നിശ്ചയിച്ചിട്ടുള്ള യോഗ്യത.