സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്.

അറബിക്കടലിൽ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദത്തിന്റെ സ്വാധീനത്താലാണ് കേരളത്തിൽ മഴ ലഭിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാവാനാണ് സാധ്യത.

മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു.

മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശം നൽകി. ശനിയാഴ്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദം വടക്ക് പടി‍ഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് കൂടുതൽ ശക്തി പ്രാപിക്കും. എന്നാൽ കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല.