ന്യൂഡെൽഹി: ഇന്ത്യ ഏറ്റവും കൂടുതൽ സൈബർ ആക്രമണ ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. അതിർത്തി തർക്കങ്ങൾ നിലനിൽക്കെ ചൈന നിരന്തരം പലവിധത്തിൽ ഇന്ത്യൻ സൈബറിടത്തെ ലക്ഷ്യം വെക്കുന്നുണ്ട്. സർക്കാർ പിന്തുണയോടെയുള്ള സൈബർ ആക്രമണ ഭീഷണിയിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ചൈനയ്ക്കെതിരെ ആശങ്ക ഉയർത്തുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ, സൈബർ ആക്രമണങ്ങളിൽ ഭയപ്പെടേണ്ട രാജ്യമാണ് ഇന്ത്യയെന്ന് പറയുകയാണ് ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസ്. ചൈനയുടെ സൈനിക പ്രതിരോധ യൂണിറ്റുകളേയും ചൈന, നേപ്പാൾ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് ഇന്ത്യയിൽനിന്നുള്ള സംഘങ്ങൾ നിരന്തരം സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നാണ് ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട്.
ചൈനയിലെ വിവിധ സൈബർ സുരക്ഷാ സ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിൽനിന്നുള്ള വ്യാപകമായ സൈബർ ആക്രമണങ്ങളെ കുറിച്ചുള്ള തെളിവുകൾ ലഭിച്ചത്. ഈവിൾ ഫ്ളവർ ഇൻ സൗത്ത് ഏഷ്യ, ലുർ ഓഫ് ബ്യൂട്ടി, ഗോസ്റ്റ് വാർ എലിഫന്റ്സ് റോമിങ് ദി ഹിമാലയാസ് തുടങ്ങിയ വിവിധ കോഡ് നാമങ്ങളിലാണ് ഇന്ത്യയിൽനിന്നുള്ള സംഘങ്ങൾ അറിയപ്പെടുന്നത്.
സർക്കാർ ബന്ധവും ഈ സംഘങ്ങൾക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിൽനിന്നുള്ള ഹാക്കർമാർ ചൈനയിലെ വ്യക്തികളേയും സംഘടനകളേയും ലക്ഷ്യമിട്ട് സൈബർ ആക്രമണം നടത്തുന്നുണ്ടെന്ന് ചൈനയിലെ 360 സെക്യൂരിറ്റി ടെക്നോളജി പറയുന്നു. 2020-ൽ നൂറോളം സൈബർ ആക്രമണ ശ്രമങ്ങളാണ് കമ്പനി കണ്ടെത്തിയത്.
2021 പകുതിയോടെയാണ് സൈബർ ആക്രമണങ്ങളിൽ വർധനവുണ്ടായത്. വിദ്യാഭ്യാസം, ഭരണകൂടം, വ്യോമയാനം, പ്രതിരോധം തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു അവയിൽ ഭൂരിഭാഗവും. ചൈന വർഷങ്ങളായി സൈബർ ആക്രമണങ്ങളുടെ ഇരയാണെന്നും ഇന്ത്യയിൽനിന്നുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ സൈബർ സുരക്ഷാ സംവിധാനത്തിന്റെ നിർമ്മാണം വേഗത്തിലാക്കേണ്ടതിന്റെ പ്രാധാന്യമേറുകയാണെന്നും റിപ്പോർട്ട് പറയുന്നു.
ലോകത്തെ ഇന്റലിജൻസ് സമൂഹം ഒരു ഭീഷണിയായി കരുതിയിരിക്കാനിടയില്ലാത്ത ഒരു രാജ്യമാണ് ഇന്ത്യ. ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങൾക്ക് പോലും ഇന്ത്യയുടെ സൈബർ കഴിവുകളെക്കുറിച്ച് പൂർണ്ണമായി അറിയാനിടയില്ലെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം ചൈനയിൽനിന്ന് ഏറെ കാലമായി ഇന്ത്യയും സൈബർ ആക്രമണ ഭീഷണികൾ നേരിടുന്നുണ്ട്.
സൈബർ ആക്രമണ സാധ്യതയും രാജ്യസുരക്ഷയും മുൻനിർത്തി നിരവധി ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് ഇന്ത്യ നിരോധനമേർപ്പെടുത്തിയിരുന്നു. അമേരിക്കയിലും വിവിധ ചൈനീസ് കമ്പനികൾ അധികാരികളുടെ സംശയമുനയിലാണ്.