പെട്രോളില്‍ വെള്ളം കലര്‍ത്തി വില്‍പന; സംഘര്‍ഷത്തെ തുടര്‍ന്ന് പമ്പ് അടച്ചു

തൃശ്ശൂർ: പെ​ട്രോ​ളി​ല്‍ വെ​ള്ളം ക​ല​ര്‍ത്തി വില്‍പന നടത്തിയ പമ്പ് നാട്ടുകാര്‍ അടപ്പിച്ചു. ​പമ്പില്‍​ നി​ന്ന്​ ഇ​ന്ധ​നം നി​റ​ച്ചു​പോ​യ വാ​ഹ​ന​ങ്ങ​ള്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ പോ​യ​പ്പോ​ഴേ​ക്കും നി​ശ്ച​ല​മാ​യതോടെയാണ് സംഭവം വെളിച്ചത്തായത്. തുടര്‍ന്ന് നടത്തിയ പ​രി​ശോ​ധ​ന​യി​ല്‍ പെ​ട്രോ​ളി​ല്‍ വെ​ള്ളം ക​ല​ര്‍​ന്ന​താ​ണെന്ന് മനസ്സിലായത്. ഇതോടെ പെട്രോള്‍ അടിച്ച്‌ പോയവര്‍ പെ​ട്രോ​ള്‍ പ​മ്പിലെ​ത്തി ബ​ഹ​ളം വെക്കുകയായിരുന്നു. തു​ട​ര്‍​ന്ന്​ ജീ​വ​ന​ക്കാ​ര്‍ പമ്പ് അ​ട​ച്ചു.

ബു​ധ​നാ​ഴ്ച കാ​റി​ല്‍ പെ​ട്രോ​ള്‍ നി​റ​ച്ച്‌ തൃ​ശൂ​രി​ലേ​ക്ക്​ ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന ത​ളി​ക്കു​ളം സ്വ​ദേ​ശി സു​നീ​ഷിന്റെ വാ​ഹ​നം ക​ണ്ട​ശാം​ക​ട​വി​ല്‍ എ​ത്തി​യ​തോ​ടെ നി​ശ്ച​ല​മാ​യി. തു​ട​ര്‍​ന്ന് മെ​ക്കാ​നി​ക്കി​നെ വി​ളി​ച്ചു​വ​രു​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ട്രോ​ളി​ല്‍ കൂ​ടു​ത​ലും വെ​ള്ള​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തെ​ന്ന് സു​നീ​ഷ് പ​റ​ഞ്ഞു. ഇ​തേ തു​ട​ര്‍​ന്ന് പെ​ട്രോ​ള്‍ പ​മ്പില്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ കാ​ര​ണം അ​റി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.

ഇ​തേ പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി മ​റ്റു ചി​ല ആ​ളു​ക​ളും ഇതേസമയം ത​ന്നെ പ​മ്പിലെ​ത്തി ബ​ഹ​ളം വ​ച്ചു. തു​ട​ര്‍​ന്ന് പെ​ട്രോ​ള്‍ പ​മ്പിന്റെ പ്ര​വ​ര്‍​ത്ത​നം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു. ഇതു സംബന്ധിച്ച് കമ്പനിക്കും പോലീസിലും പരാതി നൽകുമെന്ന് വാഹന ഉടമകൾ പറഞ്ഞു.