കെഎസ്ആര്‍ടിസിയിൽ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് ; മന്ത്രിയുടെ അഭ്യർഥന തള്ളി

തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാർ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും. കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ ഇന്ന് രാത്രി മുതല്‍ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറും ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ചയുമാണ് പണിമുടക്കുന്നത്.

കെ.എസ്.ആര്‍.ടി.സിയില്‍ ഒമ്പതു വര്‍ഷമായി ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ല. ഇന്നലെ രാത്രിയും നടത്തിയ മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകള്‍ നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ട് പോകുന്നത്.

സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന ഗതാഗതമന്ത്രിയുടെ അഭ്യർഥന ഇടത് അനുകൂല സംഘടനയുള്‍പ്പെടെ മൂന്ന് അംഗീകൃത യൂണിയനുകളും തള്ളി. യൂണിയനുകളുടെ നിലപാട് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമെന്ന് മന്ത്രി ആന്റണി രാജു വിമര്‍ശിച്ചു.

ശമ്പളപരിഷ്കരണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചതാണ്.
30 കോടിയുടെ അധികബാധ്യതയുണ്ടാവും. അന്തിമതീരുമാനത്തിന് കൂടുതല്‍ സമയം വേണമെന്ന് മാത്രമാണ് സര്‍ക്കാരിന്റെ ആവശ്യമെന്ന് ആന്റണി രാജു പറഞ്ഞു.