ശ്രീനഗർ: സൈനികർക്കൊപ്പം കാഷ്മീരിൽ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം വിന്യസിച്ചിരിക്കുന്ന സൈനികർക്കൊപ്പമാണ് നരേന്ദ്രമോദി ദീപാവലി ദിനത്തിൽ പങ്കു ചേർന്നത്. വീർസ്ഥലിൽ മോദി പുഷ്പചക്രം അർപ്പിച്ചു.
സൈനികരുമായി പ്രധാനമന്ത്രി സംസാരിച്ചു. ജീവത്യാഗം ചെയ്ത സൈനികരെ അനുസ്മരിച്ചു. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രജൗരി ജില്ലയിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി കരസേനാ മേധാവി ജനറൽ എം.എം. നരവാനെ ബുധനാഴ്ച ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
പൂഞ്ച്, രജൗരി ജില്ലാ അതിർത്തികൾ പങ്കിടുന്ന ഈ മേഖലയിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 11 സൈനികർ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച ഇതേ സെക്ടറിലുണ്ടായ സ്ഫോടനത്തിൽ ഒരു ഓഫീസർ ഉൾപ്പെടെ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു.