തിരുവനന്തപുരം: ഇന്ധന വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. നികുതി കുറയ്ക്കേണ്ടതില്ലെന്നും സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാവുമെന്നാണ് സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തല്‍. കേന്ദ്രം അധിക നികുതി പൂര്‍ണമായും പിന്‍വലിക്കണം എന്ന് സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.
അതേസമയം കേരളം ഇന്ധനനികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്ന് രാവിലെ പറഞ്ഞിരുന്നു. ‘നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വര്‍ഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. 30 രൂപയിലധികമാണ് കേന്ദ്രം ഇന്ധനവില വര്‍ധിപ്പിച്ചത്. കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ രീതിയാണ്’- മന്ത്രി പറഞ്ഞു.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റ നിലപാടിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ വലിയ പ്രതിഷേധങ്ങളുമായാണ് രംഗത്ത് വരുന്നത്. സംസ്ഥാനസര്‍ക്കാരിന്‍റെ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും അറിയിച്ചു.