ന്യൂഡെൽഹി: രാജ്യത്തെ ഇന്ധനവില കുതിച്ചുയരുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ആശ്വാസ നടപടിയുമായി കേന്ദ്രം. പെട്രോളിന് ലീറ്ററിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും എക്സൈസ് ഡ്യൂട്ടി കുറച്ചു. പുതിയ വില ദീപാവലി തലേന്നായ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
തുടര്‍ച്ചയായി വില കയറുന്നതിനിടെയാണ് എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത്. ഇന്ധന വില വർധന ബിജെപിയെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. വരാനിരിക്കുന്ന ഉത്തർ പ്രദേശ് , ഗോവ നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് വില കുറച്ചതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ് ആനുപാതികമായി കുറയ്ക്കാൻ സംസ്ഥാനങ്ങളോട് ധനമന്ത്രാലയം അഭ്യർത്ഥിച്ചു. ഉപഭോക്താക്കൾക്ക് ഇത് ആശ്വാസം പകരും. സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ ആശ്വാസം നൽകും. എക്സൈസ് തീരുവ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത് ഉപഭോഗം വർദ്ധിപ്പിക്കുകയും പണപ്പെരുപ്പം കുറയ്ക്കുകയും ചെയ്യുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.