ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച 15 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

കൊച്ചി: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കൊച്ചിയിൽ റോഡ് ഉപരോധിച്ച 15 കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ഒന്നാംപ്രതി. വി.ജെ.പൗലോസ്, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കി. വി.പി.സജീന്ദ്രൻ, ദീപ്തി മേരി വർഗീസ്, ടോണി ചമ്മണി, ഡൊമിനിക് പ്രസന്റേഷൻ എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്.

ദേശീയപാത ഉപരോധിച്ചതിനും നടൻ ജോജു ജോർജിന്റെ വാഹനം തകര്‍ത്തതിനും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരിക്കും അറസ്റ്റ്. വാഹനത്തിന്റെ ചില്ലു തകര്‍ത്തതടക്കം ജോജുവിന്റെ പരാതിയില്‍ ഇന്നുതന്നെ അറസ്റ്റുണ്ടാകുമെന്ന് കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു. ജോജുവിനെതിരായ പരാതിയിൽ തെളിവില്ലെന്ന് കമ്മിഷണര്‍ വ്യക്തമാക്കിയതോടെ കടുത്ത പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കെ പി സി സി നേതൃത്വത്തിൻ്റെ അനുമതിയോടെ സമരപരിപാടികൾ ആരംഭിക്കാനാണ് ജില്ലാ നേതൃത്വത്തിൻ്റെ തീരുമാനം.