നാർക്കോട്ടിക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിനെതിരെ പൊലീസ് കേസ്

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് പരാമാർശത്തിൽ പാലാബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസ് എടുത്തു. കുറുവിലങ്ങാട് പൊലീസാണ് പാലാ മജിസ്ട്രേറ്റ് കോടതി നിർദേശ പ്രകാരം കേസ് എടുത്തത്. കുറുവിലങ്ങാട് പള്ളിയിലെ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്.

മതസ്പർധ വളർത്തുന്നത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് മൗലവി, അഡ്വ. കെ എൻ പ്രശാന്ത്, അഡ്വ. സി പി അജ്മൽ എന്നിവർ നൽകിയ ഹർജിയിലാണ് കുറവിലങ്ങാട് പൊലിസിനോട് അന്വേഷണം നടത്തി റിപോർട്ട് സമർപ്പിക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

സെപ്തംബർ 24നാണ് ഇതുസംബന്ധിച്ച് അബ്ദുൽ അസീസ് മൗലവി കേസെടുക്കണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. സെപ്റ്റംബർ 8നാണ് കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളിയിൽ മാർ ജോസഫ് കല്ലറങ്ങാട്ട് നാർക്കോട്ടിക് ജിഹാദിന് എതിരേ പ്രസംഗിച്ചത്.