ചെന്നൈ: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് താരം ആശുപത്രി വിട്ടത്. വീട്ടില്‍ തിരിച്ചെത്തിയതായി രജനീകാന്ത് ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസം 28നാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന ഞായറാഴ്ച രാവിലെ കാവേരി ആശുപത്രിയിലെത്തി രജനി കാന്തിനെ കണ്ടിരുന്നു.
അതേസമയം രജനിയുടെ ആരോഗ്യത്തിന് വേണ്ടി ആരാധകരുടെ പ്രാര്‍ഥനകള്‍ തുടരുകയാണ്. ക്ഷേത്രങ്ങളില്‍ താരത്തിന്റെ പേരില്‍ ഒട്ടേറെ വഴിപാടുകള്‍ ആണ് നടത്തിയത്. ആശുപത്രിയിലെത്തി പ്രാഥമിക പരിശോധനകൾക്കു ശേഷം രജനിയെ എംആർഐ സ്കാനിങ്ങിനു വിധേയനാക്കിയിരുന്നു. തലയുടെ സ്കാനിങ് റിപ്പോർട്ട് പുറത്തു വന്നതോടെ പക്ഷാഘാതത്തിനു തൊട്ടരികിലൂടെ താരം കടന്നു പോയതായി കണ്ടെത്തി.
രക്തക്കുഴൽ പൊട്ടിയതായും എംആർഐ സ്കാനിങ്ങിനിലൂടെ ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും പക്ഷാഘാത സാധ്യത കുറയ്ക്കുന്നതിനുമായി കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷനാണു നടത്തിയത്.
ഡെൽഹിയിലെ ദേശീയ പുരസ്‍കാര വേദിയില്‍ ഏതാനും ദിവസം മുന്‍പാണ് രജനീകാന്ത് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ഏറ്റുവാങ്ങിയത്. പ്രസിഡന്‍റ് രാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദര്‍ശിക്കുകയും ചെയ്‍തിരുന്നു അദ്ദേഹം. അതേസമയം അണ്ണാത്തെ ആണ് രജനീകാന്ത് നായകനാവുന്ന പുതിയ ചിത്രം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസ് ആണ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
കൊറോണ പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അണ്ണാത്തെയുടെയും സ്ഥാനം. സിരുത്തൈ ശിവ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ്, മീന, സൂരി, ജഗപതി ബാബു, അഭിമന്യു സിംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം വെട്രി പളനിസാമി, സംഗീതം ഡി ഇമ്മന്‍.