ഹൈദരാബാദ് : തെലങ്കാനയിൽ ഡോക്ടർമാർ ഉൾപ്പെടെ നിരവധി ആരോഗ്യപ്രവർത്തകർ രഹസ്യമായി ബൂസ്റ്റർ ഡോസ് സ്വീകരിച്ചെന്ന് റിപ്പോർട്ടുകൾ. കൊറോണക്കെതിരേ ബൂസ്റ്റർ ഡോസ് നൽകാൻ കേന്ദ്രസർക്കാരിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അപ്പോഴാണ് ഇപ്രകാരം നിയമം ലംഘിച്ചു എന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നത്. കൊറോണ മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കുന്നതിനാലാണ് ഇവർ രഹസ്യമായി ബൂസ്റ്റർ ഡോസ് സ്വീകരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാകുന്നു.
ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച് ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശം ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ അനധികൃതമായി ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്. കൊറോണയുടെ പുതിയ വകഭേദങ്ങള്‍ വരുമോ എന്നും കൂടുതല്‍ അപകടകാരിയാകുമോ എന്നുമുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എട്ടുമാസം മുന്‍പ് രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചു. എന്നിട്ടും വൈറസ് വ്യാപനം തുടരുന്നു. ഈ പശ്ചാത്തലത്തില്‍ മറ്റ് പോംവഴികള്‍ ഇല്ലാതെയാണ് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ തീരുമാനിച്ചതെന്ന് ഡോക്ടര്‍മാര്‍ തുറന്നുപറഞ്ഞതായാണ് റിപ്പോര്‍ട്ടുകൾ.
നിലവില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഇതിനായി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടില്ല. അതിനാൽ ഇവർ ബൂസ്റ്റർ ഡോസ് എടുത്താലും സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ആശുപത്രിയില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെ സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അറിയാം. അതുകൊണ്ട് ബൂസ്റ്റര്‍ ഡോസിനെതിരെ കൃത്യമായ മാര്‍ഗനിര്‍ദേശം ഇല്ലെങ്കില്‍ കൂടിയും ഇത് തുടരാനാണ് സാധ്യതയെന്നും ആരോഗ്യവിഭാഗം അധികൃതര്‍ പറയുന്നു. ബൂസ്റ്റര്‍ ഡോസുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.