തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പാര്‍ട്ടിയായ ഡിഎംകെയുടെ ഇടുക്കി ജില്ലാ ഘടകം. വിഷയം സ്റ്റാലിനെ നേരില്‍ കണ്ട് അറിയിക്കുമെന്നും കൂടികാഴ്ചയ്ക്കായി അനുമതി ലഭിച്ചിട്ടുണ്ടെന്നും നേതൃത്വം വ്യക്തമാക്കി.
തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ ഡിഎംകെയും, എഐഎഡിഎംകെയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് തയാറായിരുന്നില്ല. എന്നാല്‍ മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ എക്കാലത്തെയും ആവശ്യമായ പുതിയ ഡാം നിര്‍മിക്കണമെന്ന നിലപാടുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഡിഎംകെയുടെ ഇടുക്കി ജില്ലാ ഘടകം.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനും തമിഴ്നാടിനും ദോഷകരമല്ലാത്ത തീരുമാനം എടുക്കണം. പുതിയ ഡാം നിര്‍മിക്കണമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും ഡിഎംകെ ഇടുക്കി ജില്ലാ സെക്രട്ടറി പറഞ്ഞു.
തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്ന ആവശ്യം ശക്തമാകുമ്പോള്‍ സ്റ്റാലിനില്‍ നിന്ന് അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ ജില്ലാ നേതൃത്വം. അതേസമയം വിഷയത്തില്‍ എഐഎഡിഎംകെ ഇതുവരെ പ്രതകരിച്ചിട്ടില്ല.