തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ഭൂമി സൗജന്യമായി സിപിഎം അനുഭാവമുള്ള ജീവനക്കാരുടെ സഹകരണ സംഘത്തിന് ചട്ട വിരുദ്ധമായി പതിച്ചു നൽകാനുള്ള കേരള സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. സഹകരണ സംഘത്തിന് ഷോപ്പിങ് കോംപ്ലക്സ് നിർമ്മിക്കുന്നതിനാണ് ചട്ടവിരുദ്ധമായി ഭൂമി നൽകുന്നതെന്ന് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ , സെക്രട്ടറി
എം ഷാജർഖാൻ എന്നിവർ നിവേദനത്തിൽ പറയുന്നു.
സർവകലാശാല വക ഭൂമി മേലിൽ ആർക്കും കൈമാറ്റം ചെയ്യാൻ പാടില്ലെന്ന സെനറ്റ് തീരുമാനം അവഗണിക്കാൻ സിൻഡിക്കേറ്റിന് അധികാരമില്ല. സർവകലാശാല ക്യാമ്പസ്സിനുള്ളിൽ മറ്റൊരു സ്ഥാപനത്തിന് മന്ദിരം നിർമ്മിക്കാനുള്ള പൂർണ അവകാശം അനുവദിക്കുന്നത് തെറ്റായ കീഴ്‌വഴക്കങ്ങൾക്ക് നിമിത്തമാകുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി കുറ്റപ്പെടുത്തി.
നിശ്ചിത കാലാവധിക്കുശേഷം സ്റ്റേഡിയം സർവകലാശാലക്ക് മടക്കി ലഭിക്കുന്ന പാട്ട വ്യവസ്ഥയിലാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം നിർമ്മിക്കാൻ സർവകലാശാല വക ഭൂമി വിട്ടുകൊടുത്തത്. സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിലിന് ആസ്ഥാനമന്ദിരം നിർമ്മിക്കുന്നതിന് പത്ത് സെൻറ് ഭൂമി അനുവദിക്കണമെന്ന സർക്കാരിൻറെ നിർദേശം പോലും തള്ളിക്കളഞ്ഞ സർവകലാശാലയാണ് രാഷ്ട്രീയലക്ഷ്യത്തോടെ ഒരു സഹകരണ സംഘത്തിന് സ്ഥലം കൈമാറുന്നതെന്ന് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റിയുടെ നിവേദനത്തിൽ പറയുന്നു.