മകള്‍ എത്താന്‍ വൈകി; നടൻ പുനീത്‌ രാജ്‌കുമാറിന്റെ സംസ്‌കാരം ഇന്ന്

ബംഗളുരു: അന്തരിച്ച കന്നഡ സൂപ്പര്‍ സ്‌റ്റാര്‍ പുനീത്‌ രാജ്‌കുമാറിന്റെ സംസ്‌കാരം പൂര്‍ണ സംസ്‌ഥാന ബഹുമതിയോടെ ഇന്നു നടക്കും. ന്യൂയോര്‍ക്കിലുള്ള മകള്‍ വന്തിക എത്താന്‍ വൈകുന്നത്‌ കൊണ്ടാണു സംസ്‌കാര ചടങ്ങുകള്‍ മാറ്റിയത്‌. ഇന്നലെ വൈകിട്ട്‌ സംസ്‌കാരം നടക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്‌. മാതാപിതാക്കളായ ഡോ. രാജ്‌കുമാറിന്റെയും പര്‍വ്വതമ്മയുടെയും ഭൗതികദേഹം അടക്കം ചെയ്‌ത കണ്ഡീരവ സ്‌റ്റുഡിയോയിലാണ്‌ സംസ്‌കാര ചടങ്ങുകള്‍.

ബംഗളരു ശ്രീ കണ്‌ഠീവര രാജ്യാന്തര സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവച്ചിരിക്കുന്ന “പവര്‍ സ്‌റ്റാറി”ന്റെ ഭൗതികദേഹം ഒരുനോക്ക്‌ കാണാന്‍ പതിനായിരങ്ങളാണു കാത്തു നില്‍ക്കുന്നത്‌. ഗവര്‍ണര്‍ തവര്‍ചന്ദ്‌ ഗെലോട്ട്‌, ചിരഞ്‌ജീവി, ജൂനിയര്‍ എന്‍.ടി.ആര്‍, പ്രഭുദേവ, മഹേഷ്‌ ബാബു, യാഷ്‌ അടക്കം സിനിമാ രാഷ്‌ട്രീയ രംഗത്തെ നിരവധി പേര്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. അസൗകര്യങ്ങള്‍ പുനീതിന്റെ കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്‌തശേഷം സംസ്‌കാരം മാറ്റിവയ്‌ക്കുകയായിരുന്നെന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ അറിയിച്ചു.

അന്തിമോപചാരമര്‍പ്പിക്കാന്‍ വരുന്നവര്‍ സമചിത്തത കൈവെടിയരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കഴിഞ്ഞ ദിവസമായിരുന്നു പുനീത്‌ അന്തരിച്ചത്‌. സ്വന്തം ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്‌ഥത പ്രകടിപ്പിച്ച പുനീതിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച്‌ അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ മരണം സ്‌ഥിരീകരിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞതു മുതല്‍ വിക്രം ആശുപത്രിക്കു മുന്നിലേക്ക്‌ ജനപ്രവാഹം ആരംഭിച്ചിരുന്നു.
അനിഷ്‌ട സംഭവങ്ങള്‍ തടയുന്നതിനായി 6000 പോലീസ്‌ ഉദ്യോഗസ്‌ഥരെയും 40 കെ.എസ്‌.ആര്‍.പി. പ്ലാറ്റൂണുകളെയുമാണ്‌ നിലവില്‍ ബംഗളൂരു നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്‌. ഒപ്പം സിറ്റി ആംഡ്‌ റിസര്‍വും ആര്‍.എ.എഫുമുണ്ട്‌. പുനീതിന്റെ മരണത്തില്‍ മനംനൊന്ത്‌ ആരാധകന്‍ ജീവനൊടുക്കി.രണ്ടു പേര്‍ ഹൃദയാഘാതം മൂലം മരിച്ചു.