കൊച്ചി: കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണവേട്ട. നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. അഞ്ചരക്കിലോ സ്വര്‍ണവുമായി ഏഴ് പേരാണ് പിടിയിലായത്. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ വിമാനങ്ങളില്‍ എത്തിയവരെ കസ്റ്റഡിയിലെടുത്തത്.
സ്വര്‍ണക്കടത്ത് ക്യാരിയര്‍മാരാണ് പിടിയിലായത്. ദുബായ്, അബുദാബി, സൗദി എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നത്. വടക്കന്‍ ജില്ലകളിലെ ചില ജ്വല്ലറികളിലേക്കാണ് സ്വര്‍ണം കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. കസ്റ്റംസ് ജോയിന്‍റ് കമ്മീഷണര്‍ വാസന്ത കേശന്‍റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വര്‍ണം കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.