മണ്ണുത്തി: റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരിയായ അധ്യാപികയുടെ പല്ലുകള്‍ തെറിച്ചു പോയി. മൂര്‍ക്കനിക്കര ഗവ. യു.പി സ്കൂളിലെ പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന വിന്‍സിക്കാണ്(42) പല്ലുകള്‍ തെറിച്ചു പോവുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്. നെല്ലിക്കുന്ന് – നടത്തറ റോഡില്‍ വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് സംഭവം. ഇവിടെയുണ്ടാകുന്ന നാലാമത്തെ അപകടമാണ് ഇത്. ഒന്നരയടി താഴ്ചയുള്ള കുഴിയിലാണ് വിന്‍സിയുടെ സ്കൂട്ടര്‍ വീണത്.
അപകടത്തില്‍ വിന്‍സിയുടെ മുഖത്തെ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്, പല്ലുകള്‍ തെറിച്ചു പോയതടക്കം നിരവധി പരിക്കുകള്‍ ഉള്ള അധ്യാപികയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. നെല്ലിക്കുന്ന് വട്ട കിണര്‍, പള്ളി, സെന്റര്‍, കപ്പേള സ്റ്റോപ്പ് എന്നിവിടങ്ങളിലായി 17 കുഴികളാണ് ഉള്ളത്. പൈപ്പിടാനാണ് ഇവിടെ കുഴിയെടുത്തത്. പണികള്‍ ഒരു വര്‍ഷം മുമ്പ് തീര്‍ന്നെങ്കിലും കുഴി അടക്കല്‍ പൂര്‍ത്തിയാക്കി ടാറിടല്‍ നടത്തിയിട്ടില്ല. ഇതാണ് ഇത്തരത്തില്‍ അപകടങ്ങള്‍ തുടര്ക്കഥകളാകാന് കാരണമാകുന്നത്.
കിഴക്കെ കോട്ടയില്‍ നിന്ന് നടത്തറ വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരം വാഹനങ്ങള്‍ കുഴിയില്‍ അകപ്പെടുന്നത് പതിവാണ്. എന്നിട്ടും കോര്പറേഷന് നിസ്സംഗത തുടരുകയാണ്. അതേസമയം, പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവും സംഭവത്തെ തുടര്‍ന്ന് ഉയരുന്നുണ്ട്. ലൈവില്‍ മാത്രം വന്നുപോകുന്ന വികസനമെന്നാണ് മന്ത്രിയെ സാമൂഹ്യമാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത്.