സോള്‍: കടുത്ത ഭക്ഷ്യ ക്ഷാമം നേരിടുന്ന ഉത്തരകൊറിയയില്‍ ഭക്ഷണം നിയന്ത്രിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് ഭരണാധികാരിയായ കിം ജോങ് ഉന്‍. 2025 വരെ കടുത്ത ഭക്ഷ്യക്ഷാമ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി വരുന്ന നാല് വര്‍ഷത്തേക്ക് വരെ പൗരന്മാരോട് ഭക്ഷണ കാര്യത്തില്‍ സംയമനം പാലിക്കണമെന്നാണ് കിം ജോങ് ഉന്‍ നിര്‍ദ്ദേശിക്കുന്നത്.
ഉത്തര കൊറിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈന കൊറോണ വ്യാപനത്തെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചതാണ് വിനയായത്. വൈറസ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അതിര്‍ത്തി അടച്ചത്. ഇത് 2025 ഓടെ മാത്രമെ തുറക്കുകയുള്ളൂ. അതുവരെ രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കാണ് നീങ്ങുകയെന്നും ഉത്തര കൊറിയ അറിയിച്ചു.
വരും വര്‍ഷങ്ങളില്‍ ബുദ്ധിമുട്ടുകള്‍ പ്രതീക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ പൗരന്മാരെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ശൈത്യകാലം എത്തുന്നതോടെ തങ്ങള്‍ക്ക് ഈ സ്ഥിതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ജനങ്ങളും പരാതിപ്പെടുന്നു.
അതിര്‍ത്തി അടച്ചതിന് പുറമെ, യുഎസ് നേതൃത്വത്തിലുള്ള ഉപരോധങ്ങളും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും സമീപ വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ പണപ്പെരുപ്പം ഭക്ഷ്യക്ഷാമം രൂക്ഷമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ സ്ഥിതി ഗുരുതരമാണെന്ന് പൗരന്മാര്‍ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. 2025 വരെ കഷ്ടപ്പാടുകള്‍ സഹിക്കാന്‍ പറയുന്നത് പട്ടിണി കിടന്ന് മരിക്കാന്‍ പറയുന്നതിന് തുല്യമാണെന്ന് അവര്‍ പറയുന്നു.
2019 മെയ് മാസത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഫൂഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍ 10 ദശലക്ഷം നോര്‍ത്ത് കൊറിയന്‍ പൗരന്മാര്‍ ഭക്ഷണത്തിനുള്ള അഭാവം അനുഭവിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതായത് രാജ്യത്തെ ജനസംഘ്യയുടെ 40 ശതമാനത്തോളം വരുമിത്. എന്നാല്‍, കൊറോണ പശ്ചാത്തലത്തില്‍ ഇത് ഉയരുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, രാജ്യത്തെ ജനങ്ങലെ പട്ടിണിയിലേക്ക് തള്ളിവിടുമ്പോഴും മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തര കൊറിയ നിര്‍ത്തിയിട്ടില്ല. അന്തര്‍വാഹിനിയില്‍നിന്ന് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിലാണ് രാജ്യം. രണ്ട് വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്തരം ആയുധം പരീക്ഷിക്കുന്നതെന്നും സമുദ്രാന്തര്‍ സൈനിക നീക്കങ്ങള്‍ക്ക് ഇത് കരുത്ത് പകരുമെന്നും ഉത്തരകൊറിയ അറിയിച്ചു.