രജനികാന്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി; രക്തക്കുഴലിലെ ബ്ലോക്ക് നീക്കി

ചെന്നൈ: കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ രജനികാന്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി. രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ​രജനി സുഖം പ്രാപിച്ചു വരുന്നതായും ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ സാധിക്കുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

രജനി ആശുപത്രിയിലാണെന്ന വാർത്ത വ്യാപകമായി പ്രചരിച്ചത്​ ആരാധകരിൽ ആശങ്ക പടർത്തിയിരുന്നു. ഭയപ്പെടേണ്ടതില്ലെന്നും പതിവ് ചെക്കപ്പിന്റെ ഭാ​ഗമായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും രജനിയുടെ പബ്ലിസിസ്റ്റ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

അതേസമയം ചെന്നൈയിലെ കാവേരി ആശുപത്രിയ്‌ക്ക് മുൻപിൽ സുരക്ഷയ്‌ക്കായി 30 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. ആശുപത്രിയിലേക്ക് ആരാധകർ തള്ളിക്കയറുന്നത് തടയാനാണ് നടപടി. കൂടാതെ ആശുപത്രിയിലേക്ക് എത്തുന്ന എല്ലാവരേയും സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് അകത്തേയ്‌ക്ക് പ്രവേശിപ്പിക്കുന്നത്. രണ്ട് എസ്‌ഐമാർ, നാല് വനിതാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.

പരമോന്നത ബഹുമതിയായ ദാദാ സാഹേബ്​ ഫാൽക്കെ പുരസ്കാരം ​ ഏറ്റുവാങ്ങിയതിനുശേഷം കഴിഞ്ഞ ദിവസമാണ്​ രജനികാന്ത്​ ചെന്നൈയിൽ തിരിച്ചെത്തിയത്​. ​ രജനി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ‘അണ്ണാത്തെ’ എന്ന ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിൽ പ്രദർശനത്തിന്​ എത്താനിരിക്കുകയാണ്. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് രജനിയുടെ നായിക.