കൊല്‍ക്കത്ത: ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ മുന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഗോവയില്‍ വെച്ചായിരുന്നു പേസിന്റെ പാര്‍ട്ടി പ്രവേശനം.
പേസിന്റെ പാര്‍ട്ടി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച മമത അദ്ദേഹത്തിന് തന്റെ ഇളയ സഹോദരന്റെ സ്ഥാനമാണെന്നും പറഞ്ഞു. ”ലിയാണ്ടര്‍ പേസ് പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ വളരെയധികം സന്തോഷത്തിലാണ്. അവന്‍ എന്റെ ഇളയ സഹോദരനാണ്. സ്‌പോര്‍ട്‌സ്, യുവജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്നകാലം മുതല്‍ അദ്ദേഹത്തെ അറിയാം. വളരെ ചെറുപ്പമായിരുന്നു അന്ന് പേസ്” -മമത പറഞ്ഞു.
ദീദി ആണ് യഥാര്‍ഥ വിജയി എന്ന് പേസും പറഞ്ഞു.’ഞാന്‍ ടെന്നീസില്‍ നിന്ന് വിരമിച്ചു. ഇനി എനിക്ക് ജനങ്ങളെ സേവിക്കാന്‍ ആഗ്രഹമുണ്ട്. അതിനാല്‍ രാഷ്ട്രീയത്തിലൂടെ ജനവേസനത്തിലേക്ക് പ്രവേശിക്കുകയാണ്. രാജ്യത്ത് മാറ്റങ്ങള്‍ ഉണ്ടാകുകയും വേണം. ദീദി ആണ് യാഥാര്‍ഥ വിജയി”- പേസ് പറഞ്ഞു.
പശ്ചിമ ബംഗാള്‍ സ്വദേശിയായ ലിയാണ്ടര്‍ പേസ് നിലവില്‍ മുബൈയിലാണ് താമസിക്കുന്നത്. എട്ട് പ്രാവശ്യം ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാമും പത്ത് തവണ മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍ഡ് സ്ലാം കിരീടവും അദേഹം സ്വന്തമാക്കിയിട്ടുണ്ട്. അര്‍ജുന, പത്മശ്രീ, പത്മഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം പേസിനെ ആദരിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിന് പുറമെ ഗോവയും പിടിക്കുകയാണ് തൃണമൂലിന്റെ ലക്ഷ്യം. അതിനായി ഗോവയില്‍ സജീവമാവുകയാണ് പാര്‍ട്ടി. ബംഗാളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി ഭരണം നിലനിര്‍ത്തിയതിന് പിന്നാലെ പ്രമുഖരടക്കം നിരവധി പേര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എത്തിയിരുന്നുന്നു. സിനിമാ – സ്‌പോര്‍ട്‌സ് രംഗത്ത് നിന്നുമുള്ളവരെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. സിനിമാ താരങ്ങളായ നഫീസ അലി, മൃണാളിനി ദേശ്പ്രഭു എന്നിവര്‍ കഴിഞ്ഞ ദിവസം തൃണമൂലില്‍ എത്തിയിരുന്നു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി മമത ബാനര്‍ജി പങ്കെടുക്കുന്ന പല പരിപാടികളും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഗോവയിലെ ബിജെപിയുടെ ഭരണത്തിന് അറുതി വരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ജനങ്ങളും തൃണമൂലിന്റെ ഭാഗമാവണമെന്ന് മമത അഭ്യര്‍ഥിച്ചിരുന്നു.