ബംഗ്ലൂരൂ: ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് ഇന്നും ജയിലിൽ കഴിയണം. ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയതാണ് കാരണം. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം അടയ്ക്കണമെന്നായിരുന്നു ഉപാധികൾ. കർശന കോടതി നിബന്ധനകൾ കണക്കിലെടുത്ത് ജാമ്യം നിൽക്കാൻ ഏറ്റവർ പിൻമാറി.
പുതിയ ജാമ്യക്കാരെ ഹാജരാക്കാൻ എത്തിയപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു. സെഷൻസ് കോടതിയിലെ നടപടിക്രമങ്ങൾ നാളെ പൂർത്തിയാക്കാനാകുമെന്നാണ് അഭിഭാഷകരുടെ പ്രതീക്ഷ. നാളെ ഉച്ചയോടെ ബിനീഷിന് പുറത്തിറങ്ങാനാകുമെന്നാണ് കുടുംബാംഗങ്ങളുടെ കണക്കുകൂട്ടൽ.
5 ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യമുൾപ്പടെ കർശന ഉപാധികളോടെയാണ് ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാരക്ക് പുറത്തിറങ്ങുന്നത്.
ബിനീഷിന് ജാമ്യം ലഭിച്ചെങ്കിലും കേസന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബിനീഷിന്‍റെ ഡ്രൈവര്‍ അനിക്കുട്ടന്‍ ബിസിനസ് പങ്കാളി അരുണ്‍ എന്നിവരിലേക്ക് അന്വേഷണം വിപുലപ്പെടുത്താനുള്ള നീക്കം തുടങ്ങി. ചെയ്യാത്തത് ചെയ്തെന്ന് സമ്മതിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഇക്കഴിഞ്ഞ ഒരു വര്‍ഷം ബിനീഷിന്‍റെ വാദം.
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപിന്‍റെ ഡെബിറ്റ് കാര്‍ഡില്‍ നിര്‍ബന്ധിച്ച് ഒപ്പ് ഇടീപ്പിച്ചെന്ന് വരെ ബിനീഷ് ആരോപിച്ചു. കോടിയേരിയുടെ മകനായത് കൊണ്ട് ഇഡിയുടേത് വേട്ടയാടല്‍ എന്ന നിലപാടിലായിരുന്നു ബിനീഷ്. എന്‍സിബി പ്രതി ചേര്‍ക്കാത്തതിനാല്‍ ഇഡി കേസ് നിലനിലക്കില്ലെന്ന വാദങ്ങള്‍ക്കിടെയാണ് ജാമ്യം.